ഏറ്റുമുട്ടിയ ഏലപ്പാറ പഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രമ്യത
പീരുമേട്: കോവിഡ് പ്രോട്ടോകോള്‍ പോലും മറന്ന് ഏലപ്പാറ പഞ്ചായത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അനുരഞ്ജനം. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ജില്ലാ ഘടകങ്ങള്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് അടിയന്തിരമായി ഇരു കൂട്ടരും രമ്യതയിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പഞ്ചായത്ത് യോഗത്തിനിടെ അസാധാരണ സംഭവങ്ങള്‍ നടന്നത്. ഹോട്ടല്‍ ബില്ലിനെചൊല്ലി പഞ്ചായത്ത് ഓഫിസില്‍ കോണ്‍ഗ്രസ്-സി.പി.എം അംഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്നത് പോലും മറന്ന് നടത്തിയ തമ്മില്‍ തല്ല് പാര്‍ട്ടി ജില്ലാ നേതൃത്വങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ വാഴൂര്‍ സോമന്‍ എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പീരുമേട് ഡിവൈ.എസ്.പി കെ. ലാല്‍ജിയുടെ നേത്യത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപക്ഷവും കേസുകള്‍ പിന്‍വലിക്കുകയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിക്കുകയായിരുന്നു.