ഇ ഡി റെയ്ഡുകള്‍ക്കെതിരായ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ ഇടഞ്ഞ് സംസ്ഥാന ഘടകങ്ങള്‍
കേന്ദ്ര എജന്‍സികള്‍ക്ക് എതിരായ നിലപാട് വിഷയത്തില്‍ ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍. ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍ ഘടകങ്ങളാണ് ശക്തമായ എതിര്‍പ്പ് അറിയിച്ചത്. ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും കേരളത്തിലെ ഇ.ഡി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൂല പ്രസ്താവനങ്ങള്‍ ഉണ്ടാകരുതെന്ന് കേരള ഘടകവും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പി മുന്നില്‍ കാണുന്നു എന്ന പ്രചരണം ശക്തമാക്കാനാണ് ഇന്ത്യ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. ഇന്ത്യ കൂട്ടായ്മ ഒറ്റക്കെട്ടാണെന്ന സന്ദേശം ഇതിനായി ജനങ്ങള്‍ക്ക് നല്‍കണം. കേന്ദ്ര എജസികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിയ്ക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കാന്‍ ഇതിനായി കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വം താത്പര്യപ്പെടുന്നു. ഇതിന്റെ ഭാഗമായ് ആം ആദ്മി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളുടെ നേതാകള്‍ക്ക് എതിരായ വിഷയത്തിലും കോണ്‍ഗ്രസ് ദേശീയ നേത്യത്വം ഇന്ത്യ കൂട്ടായ്മയുടെ പൊതുസമീപനത്തെ ആണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.
ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്ക് ഇത് അംഗീകരിയ്ക്കുന്നില്ല. മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വിഴുങ്ങി ആം ആദ്മി പാര്‍ട്ടിയൊട് പൊറുക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് നിലപാട്. പശ്ചിമ ബംഗാള്‍ ഘടകവും ഇതേ സമീപനം ആവര്‍ത്തിക്കുന്നു. ലോകസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ തന്നെ ആണ് സംസ്ഥാന ഘടകത്തിന്റെ തൃണമുല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ദേശിയ നേത്യത്വവുമായി പങ്കുവച്ചത്. കേരളത്തിലെ ഇഡി നീക്കങ്ങളിലെ പ്രതികരണ വിഷയത്തിലും കോണ്‍ഗ്രസ് ദേശിയ നേതൃത്വം ആശയ വ്യക്തത വരുത്തിയിട്ടില്ല. ഇടത് സര്‍ക്കാരിനെതിരായ കേരളത്തിലെ ഇ.ഡി നീക്കങ്ങളെ എതിര്‍ക്കരുതെന്ന താത്പര്യം സംസ്ഥാന ഘടകം ദേശിയ നേതൃത്വത്തോട് അനൌദ്യോഗിക ആശയ വിനിമയത്തില്‍ പങ്കുവച്ചിട്ടുണ്ട്.