മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
വണ്ണപ്പുറം: മുള്ളരിങ്ങാട്-ചാത്തമറ്റം-പൈങ്ങോട്ടൂര്‍ റോഡില്‍ കാട്ടാനശല്യം രൂക്ഷമായി. രാത്രിയിലാണ് ആന പതിവായി റോഡിലിറങ്ങുന്നത്.
യാത്രക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കാട്ടാനയുടെ മുമ്പില്‍ അകപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഇതുവഴി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് ആനയെ റോഡരികില്‍ കണ്ടതിനെത്തുടര്‍ന്ന് മുന്നോട്ടു പോകാനായില്ല. പിന്നീട് വലിയ വാഹനങ്ങള്‍ എത്തിയപ്പോഴാണ് ആന പിൻവാങ്ങിയതും മറ്റു വാഹന യാത്രക്കാര്‍ക്ക് കടന്നുപോകാൻ കഴിഞ്ഞതും.
ജല്‍ ജീവൻ കുടിവെള്ള പദ്ധതിക്കായി റോഡരില്‍ ഇട്ടിരിക്കുന്ന പൈപ്പുകള്‍ ആന റോഡിലേക്ക് നീക്കിയിട്ടതിനാല്‍ ഇതുവഴി പോയ കാറും ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പ്പെടുകയും ചെയ്തു.
മുള്ളരിങ്ങാട് മേഖലയില്‍ പതിവായി കാട്ടാനശല്യം രൂക്ഷമായി തുടരുമ്പോഴും ഇവയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്‍റെ നടപടിയില്‍ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്.