കാന്‍സര്‍ ബാധിതയായിരുന്ന 90 വയസ്സകാരിയെ കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍.


കൊല്ലം: കാന്‍സര്‍ ബാധിതയായിരുന്ന 90 വയസ്സകാരിയെ കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍. മരണാനന്തരച്ചടങ്ങുകള്‍ക്കിടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിച്ചതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തില്‍ പൊന്നമ്മ (90) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊന്നമ്മയുടെ മകളുടെ മകന്‍ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മയും മകള്‍ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്‌സി ഡ്രൈവറുമായ സുരേഷ് കുമാര്‍ വെള്ളി വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തു മടങ്ങി. പിന്നാലെ ഇവര്‍ മരിക്കുകയും ചെയ്തു. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് സുമംഗല കണ്ടത്.
കാന്‍സര്‍ രോഗിയായതിനാല്‍ അമ്മ ചോര ഛര്‍ദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്‌കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ മരണം കൊലപാതകമാണെന്ന് വ്യക്തമായി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാര്‍ അറസ്റ്റിലായത്.