‘സിക്സർ സിദ്ധു’ ക്രീസ് വിട്ടിറങ്ങിയാൽ സിക്സ്
നവജ്യോത് സിംഗ് സിദ്ധു, 1987ലെ ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയ പഞ്ചാബി താരം. സിക്സർ സിദ്ധു എന്നറിപ്പെട്ട താരത്തിന്റെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ മത്സരത്തിൽ തന്നെ താരത്തിന് ‘സിക്സർ സിദ്ധു’ എന്ന പേര് ലഭിച്ചു. അന്ന് സിദ്ധുവിന് കിട്ടിയത് സ്വപ്ന തുല്യമായ അരങ്ങേറ്റമാണ്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലൂടെ ക്രിക്കറ്റിൽ അരങ്ങേറാനുള്ള അപൂർവ്വഭാഗ്യം. ആദ്യ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടി സിദ്ധു വരവറിയിച്ചു. 79 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും ഉൾപ്പടെ 73 റൺസ്.
ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു സിദ്ധുവിന്റെ അരങ്ങേറ്റം. മത്സരത്തിൽ പീറ്റർ ടെയ്‌ലര്‍ എന്ന സ്പിന്നറുടെ സ്പെൽ അഞ്ച് ഓവറിൽ നിർത്താൻ ക്യാപ്റ്റൻ അലൻ ബോർഡർ നിർബന്ധിതനായി. അഞ്ച് ഓവറിൽ 46 റൺസാണ് പീറ്റർ ടെയ്‌ലര്‍ വഴങ്ങിയത്. ക്രീസ് വിട്ട് സിദ്ധു ഇറങ്ങിയാൽ സിക്സർ ഉറപ്പായിരുന്നു.
രണ്ടാം മത്സരം ന്യൂസിലാൻഡിനെതിരെ ആയിരുന്നു. സിദ്ധു 71 പന്തിൽ 75 റൺസ്. നാല് ഫോറും നാല് സിക്സും സിദ്ധുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. സിംബാബ്‌വെയ്ക്കെതിരെ 55ഉം ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിൽ 51 റൺസും സിദ്ധു നേടി. സെമിയിൽ ഇംഗ്ലണ്ടിനോട് ഒഴികെ ബാറ്റ് എടുത്തപ്പോഴെല്ലാം സിദ്ധു അർദ്ധ ശതകം പൂർത്തിയാക്കി.
ഇന്ത്യയ്ക്കുവേണ്ടി 136 മത്സരങ്ങൾ കളിച്ച സിദ്ധു 4,413 റൺസ് നേടിയിട്ടുണ്ട്. 37.1 ആണ് ബാറ്റിങ് ശരാശരി. ടെസ്റ്റിൽ 51 മത്സരങ്ങളിൽ നിന്ന് 3202 റൺസും സിദ്ധു നേടിയിട്ടുണ്ട്. 1999ലാണ് സിദ്ധു ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.