ഏലം കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണം; കേരള കോണ്‍ഗ്രസ് (എം)
നെടുങ്കണ്ടം: ജില്ലയിലെ ഏലം കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് കേരള കോണ്‍ഗ്രസ്(എം) ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി. ഏലക്ക വിറ്റഴിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ 20 ദിവസമായി ലേല കേന്ദ്രങ്ങള്‍ മുഴുവനും അടച്ചത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വളം, കീടനാശിനി വില്‍ക്കുന്ന കടകള്‍ മുഴുവനും അടഞ്ഞ് കിടക്കുകയാണ്.
ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെറുകിട കര്‍ഷകരെയാണ്. തൊഴിലാളികളുടെ അഭാവം മൂലം തോട്ടങ്ങളിലെ കൃഷി പണികള്‍ യഥാസമയം നടക്കാതെ പോകുന്നു. വലിയ തോട്ടം ഉടമകള്‍ക്ക് കമ്പനികള്‍ നേരിട്ട് വാഹനങ്ങളില്‍ വളവും മരുന്നും എത്തിച്ച് കൊടുക്കുന്നുണ്ട്. അടിയന്തരമായി ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വളം, കീടനാശിനി കടകളും മലഞ്ചരക്ക് കടകളും തുറക്കുവാന്‍ അനുമതി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉടുമ്പന്‍ചോല നിയോജമണ്ഡലം പ്രസിഡന്റ് ബേബിച്ചന് ചിന്താര്‍മണി ആവശ്യപെട്ടു.