ഡാനിഷ് അലിക്കെതിരായ അധിക്ഷേപം: ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം
ബിഎസ്പി എംപി ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയുടെ പ്രസ്താവന തള്ളാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അതേസമയം വിദ്വേഷ പരാമർശത്തിൽ ഇടപെട്ടില്ലെന്ന വിമർശനം തള്ളി സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി.
ലോക്സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി എംപി രമേശ് ബിധുരി ഡാനിഷ് അലി ഭീകരവാദിയാണെന്ന് വർഗീയ പരാമർശം നടത്തിയത്. പരാമർശം വിവാദമായ പിന്നാലെ പ്രതിപക്ഷ എംപിമാർ ഡാനിഷ് അലിക്ക് പിന്തുണയുമായി രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് അധീർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ സ്പീക്കർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചു.
വിഷയത്തിൽ സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടിട്ടില്ലെന്ന് വിമർശനവും കെ.സി വേണുഗോപാൽ തള്ളി. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടു. സഭാ രേഖകളിൽ നിന്നും പ്രസ്താവന നീക്കം ചെയ്തുവെന്നും കെ.സി വേണുഗോപാൽ. ഡാനിഷ് അലിയോട് രമേഷ് ബിധുരി നടത്തിയ ഭയാനകമായ പെരുമാറ്റം പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
അത്തരം പെരുമാറ്റം ആവർത്തിക്കാതിരിക്കാൻ താൻ ശിക്ഷാവിധി ആവശ്യപ്പെടുന്നവരോടൊപ്പം ചേരുന്നു. എന്നാൽ വിഷമിപ്പിക്കുന്നത് അത് വെളിപ്പെടുത്തുന്ന മാനസികാവസ്ഥയാണ്. ഇത്തരം നിലപാടുകൾക്ക് ബിജെപിയും ആർഎസ്എസും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം രമേഷ് ബിദുരി പലപ്പോഴും വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ആളാണെന്നും ഹിന്ദിയിലുള്ള പ്രസംഗം പെട്ടെന്ന് മനസ്സിലായില്ലെന്നുമാണ് കൊടിക്കുന്നിൽ സുരേഷിന്റെ വിശദീകരണം.