‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പഠനസമിതിയുടെ ആദ്യ യോഗം ഇന്ന്


ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോർട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും, മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിക്കും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ എന്നിവർ രാം നാഥ് കോവിന്ദിനെ വസതിയിൽ എത്തി കണ്ടിരുന്നു. സമിതി പ്രവർത്തിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു.