കട്ടപ്പന ഗവണ്‍മെന്റ് ഐടിഐയില്‍ നിന്ന് രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ 7.41 ലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ മോഷ്ടിച്ചുവിറ്റ സംഭവം മൂടിവയ്ക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചതായി എസ്എഫ്‌ഐ ഏരിയ കമ്മിറ്റി.
വിവരം മാധ്യമ പ്രവര്‍ത്തകരെ പോലും അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രതികളായ ഇരുവരും കെഎസ് യുവിന്റെ സജീവ പ്രവര്‍ത്തകരും സംസ്ഥാനതല പരിപാടികളില്‍ പോലും സജീവമായി പങ്കെടുക്കുന്നവരുമാണ്. പഠിക്കുന്ന കോളേജില്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയിട്ടും ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കെഎസ് യു നേതൃത്വം വ്യക്തമാക്കണം. കൂടാതെ ഇരുവര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോളേജ് അധികൃതരും അറിയിക്കണം. ഓണാവധിക്കാലത്ത് നടന്ന വന്‍ കവര്‍ച്ചയില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടും വിവരം പുറത്തുവിടാത്ത സമീപമാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്. കഴിഞ്ഞ 30 വര്‍ഷം കോളേജില്‍ എസ്എഫ്‌ഐ യൂണിയനായിരുന്ന കാലത്ത് ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ഉണ്ടായിട്ടില്ല. ആദ്യമായി കെഎസ് യു യൂണിയന്‍ നേടി ഒരുവര്‍ഷം പോലും പിന്നിടുന്നതിന് മുമ്പാണ് ലക്ഷങ്ങളുടെ കവര്‍ച്ച നടന്നത്. പ്രതികളായ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എസ്എഫ്‌ഐ സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ഗൗതം, ഏരിയ പ്രസിഡന്റ് ആല്‍ബിന്‍ സാബു, വൈസ് പ്രസിഡന്റ് മുഹമ്മദലി സനാവുള്ള എന്നിവര്‍ പങ്കെടുത്തു.