ശരദ് പവാര്‍ വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണം, ഹര്‍ജി നല്‍കി അജിത് ക്യാമ്പ്; പുതിയ നീക്കം
മുംബൈ: എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎല്‍എമാർക്കെതിരെ അജിത് പവാര്‍ വിഭാഗം സ്പീക്കര്‍ക്ക് അയോഗ്യതാ ഹര്‍ജി നല്‍കിയതായി വിവരം. ഇപ്പോഴും ശരദ് പവാര്‍ ക്യാമ്പിനെ പിന്തുണക്കുന്ന ചില എംഎല്‍എമാര്‍ക്കെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അജിത് പവാര്‍ ക്യാമ്പിലെ 41 എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാര്‍ ക്യാമ്പ് ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നീക്കം.
ജയന്ത് പട്ടീല്‍, ജിതേന്ദ്ര അവാദ്, രോഹിത് പവാര്‍, രാജേഷ് തൊപേ അനില്‍ ദേശ്മുഖ്, സന്ദീപ് ക്ഷീര്‍സാഗര്‍, മന്‍സിംഗ് നായിക്, പ്രചാക്ത തന്‍പൂര്‍, രവീന്ദ്ര ഭൂസാര, ബാലാസാഹേബ് പട്ടീല്‍ എന്നിവര്‍ക്കെതിരെയാണ് ശരദ് പവാര്‍ ക്യാമ്പ് ഹര്‍ജി നല്‍കിയത്. നവാബ് മാലിക്, സുമന്‍ പട്ടീല്‍, അശോക് പവാര്‍, ചേതന്‍ തുപേ എന്നിവരുടെ പേര് ഹര്‍ജിയില്‍ ഇല്ല.
അതേസമയം എന്‍സിപിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും അജിത് പവാര്‍ ഇപ്പോഴും പാര്‍ട്ടി നേതാവാണെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്‍സിപി നേതാവ് സുപ്രിയ സുലേയും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
‘അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. എന്താണ് പിളപ്പിന്റെ അര്‍ത്ഥം. ഒരു വലിയ വിഭാഗം ദേശീയതലത്തില്‍ പിളര്‍ന്ന് വിട്ടുപോയാല്‍ അതാണ് പിളര്‍പ്പ്. ഏതെങ്കിലും കുറച്ചാളുകള്‍ വ്യത്യസ്തമായൊരു നിലപാട് സ്വീകരിച്ചാല്‍ അത് ജനാധിപത്യപരമായ അവരുടെ അവകാശമാണ്. അത് പാര്‍ട്ടി പിളര്‍ന്നു എന്നല്ല അര്‍ത്ഥമാക്കേണ്ടത്. അത് അവരുടെ തീരുമാനമാണ്.’ എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.