ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ക്രമക്കേട്; വിജിലന്‍സ് പരിശോധനക്കിടെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു


ഇടുക്കി: ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850 രൂപ പിടിച്ചെടുത്തു. ഇടുക്കി തടിയമ്പാട് ഔട്ട്‌ലെറ്റിലാണ് സംഭവം. സ്റ്റോക്കിലുള്ള മദ്യത്തിന്റെ അളവിലും ക്രമക്കേട് കണ്ടെത്തി. എട്ടുപേരാണ് ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഉള്ളത്.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അനധികൃത മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ചില ജീവനക്കാര്‍ മദ്യക്കച്ചവടക്കാര്‍ക്ക് അളവില്‍ കൂടുതല്‍ മദ്യം സ്വന്തം വാഹനങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നതായും കണ്ടെത്തി.
രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധനകള്‍ അവസാനിച്ചത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ്. ബിവറേജസില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.