രോഗങ്ങളോട് പടവെട്ടി ഒടുവിൽ അജിത വിടവാങ്ങി


രോഗങ്ങളോട് പടവെട്ടി ഒടുവിൽ അജിത വിടവാങ്ങി. വയനാട് കാഞ്ഞിരങ്ങാട് സ്വദേശി പി അജിത ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെ കാൻസറിനോടുള്ള പോരാട്ട കഥകൾ അജിത വിവരിച്ചത് ഏറെ സങ്കടത്തോടെയാണ് നമ്മൾ കേട്ടിരുന്നത്. ബാംഗ്ലൂർ ആചാര്യ കോളേജിൽ അധ്യാപികയാണ് ഇരുപത്തിയാറുകാരിയായ അജിത. ഒട്ടേറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായിക്കിയാണ് അജിത വിടവാങ്ങിയത്.
തകർന്നുപോയ ദാമ്പത്യത്തിന്റേയും ശരീരത്തേയും മനസിനേയും തളർത്തിയ അർബുദത്തിന്റേയും അതിജീവനമായിരുന്നു അജിതയുടെ ജീവിതം. പ്രണയ വിവാഹം അജിതയ്ക്ക് കരുതി വച്ചത് ക്രൂര മർദനത്തിന്റെ ദാമ്പത്യമായിരുന്നു. വീട് പീഡനങ്ങളുടെ തടവറയായപ്പോഴാണ് അജിത വിവാഹമോചിതയായത്.
ജീവിത പ്രതിസന്ധികൾക്കിടയിലും അജിത തളർന്നില്ല. പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം മുന്നോട്ടു കൊണ്ടുപോയി. ആ ആഗ്രഹം സഫലമായി ഒരു ജോലി നേടിയപ്പോഴേക്കും അജിതയുടെ ജീവിതത്തിലേക്ക് വില്ലനായി അർബുദമെത്തി. നിരാശകൾ നിറഞ്ഞ ജീവിതത്തിലും മകൻ അനിരുദ്ധായിരുന്നു അജിതയുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷ.