വന്നവരാരും വെല്ലുവിളിയായില്ല; അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ്
അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് സെല്‍റ്റോസിന്റെ ആവശ്യക്കാര്‍ അര ലക്ഷത്തേളമായത്. പുത്തന്‍ മാറ്റങ്ങളുമായെത്തിയ സെല്‍റ്റോസിനെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രീമിയം അപ്പീല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഡീസല്‍ വകഭേദങ്ങള്‍ എന്നിവയുടെ അസാധാരണമായ കോമ്പോയാണ് ഇത്തവണയും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വിജയത്തിന് പിന്നില്‍.
2019ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ചൂടപ്പം പോലെയാണ് സെല്‍റ്റോസ് വിറ്റുപോയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായിരുന്നു സെല്‍റ്റോസ്. ഇതിന് കുറച്ചുകൂടി മാറ്റ് കൂട്ടുന്നതായിരുന്നു സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍. ഓരോ ദിവസവും ഫെയ്സ്ലിഫ്റ്റ് പതിപ്പിനായി 806 പുതിയ ബുക്കിംഗുകളാണ് ലഭിക്കുന്നതെന്നും കമ്പനി പറയുന്നു.
എല്ലാ ബുക്കിംഗുകളിലും 47 ശതമാനത്തിലധികം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകള്‍ക്കായാണ് വരുന്നത്. ഡീസല്‍ വകഭേദങ്ങളുടെ ബുക്കിംഗും ഏതാണ്ട് 40 ശതമാനത്തോളമാണ്. ഈ മാസം സെല്‍റ്റോസിന്റെ നാല് ലക്ഷം യൂണിറ്റ് ആഭ്യന്തര ഡെലിവറികള്‍ പൂര്‍ത്തിയാക്കിയ കിയ മോട്ടോര്‍സ് കയറ്റുമതി ഉള്‍പ്പെടെ മോഡലിന്റെ മൊത്തം 5.47 ലക്ഷം ഡെലിവറി എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന് 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്‌ഷോറൂം വില.