അടിവേര് പിഴുതെടുക്കാന്‍ ടീം ; ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനത്തിനു പിന്നില്‍ ചൈനീസ്, തായ്‌വാന്‍ സംഘങ്ങള്‍
ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനത്തിനു പിന്നില്‍ ചൈനീസ്, തായ്‌വാന്‍ സംഘങ്ങള്‍. ഇതില്‍ കൂടുതല്‍ ആപ്പുകളും ചൈനീസ് കേന്ദ്രീകൃതമാണ്. അതിനാല്‍ തട്ടിപ്പിനെപ്പറ്റി അന്വേഷണം ആരംഭിച്ചാലും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എസ്.പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗമിപ്പോള്‍ ഇക്കൂട്ടരുടെ അടിവേര് തോണ്ടാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുയാണ്.
അതീവ രഹസ്യമായി നീങ്ങാനാണ് ടീമിനു ഹരിശങ്കര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
തട്ടിപ്പുകാരെ സഹായിക്കുന്ന പോലീസുകാരെയും അഭിഭാഷകര്‍ അടക്കമുള്ളവരെയും നിരീക്ഷിക്കും. എട്ടര മാസത്തിനിടയില്‍ സംസ്ഥാനത്ത് 1440 പേരാണ് ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ തട്ടിപ്പിനിരയായി പരാതി നല്‍കിയത്. ഇതില്‍ 24 സംഭവങ്ങളില്‍ കേസെടുത്തെങ്കിലും ചുരുക്കം ചിലതില്‍ മാത്രമാണു പ്രതികളെ പിടികൂടിയത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പകുതിയിലധികവും സ്ത്രീകളാണ്. വന്‍പലിശയും കൂട്ടുപലിശയുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നതിനൊപ്പം മാനവും നഷ്ടപ്പെടുമെന്ന ഭയംകാരണം പല സ്ത്രീകളും പരാതി നല്‍കാറില്ല. എന്നാല്‍ ചിലരൊക്കെ പോലീസിനെ അനൗദ്യോഗികമായി സമീപിക്കാറുണ്ട്.
വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണു പോലീസ് അന്വേഷണം നടത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഭീഷണി പല രീതിയിലാണ്. വായ്പ എടുത്തവരുടെ ഫോട്ടോ ഉപയോഗിച്ച്, അവരുടെ പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്കു സന്ദേശം അയയ്ക്കുന്നതാണ് ഒരു രീതി. എച്ച്.ഐ.വി. രോഗിയാണെന്നും പീഡനക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നുമൊക്കെയായിരിക്കും സന്ദേശങ്ങള്‍. സ്ത്രീകളാണെങ്കില്‍ ”കാള്‍ ഗേള്‍” ആണെന്നു പറഞ്ഞ് നമ്പര്‍ സഹിതം ചിത്രങ്ങളയയ്ക്കും. എന്നാല്‍ അപമാനം ഭയന്ന് പലരും പരാതി നല്‍കാറില്ല. ചിലര്‍ മനംനൊന്ത് ആത്മഹത്യ ചെയ്യും. കടമക്കുടിയിലെ കൂട്ട ആത്മഹത്യ ഇതിന്റെ പ്രതിഫലനമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടനിലക്കാര്‍ ഈ വിദേശ മാഫിയയ്ക്കുണ്ട്. ഏജന്റുമാരുടെ പേരില്‍ എടുക്കുന്ന അക്കൗണ്ടുകളിലൂടെയായിരിക്കും ഇവരുടെ പണമിടപാടുകള്‍. കോള്‍ സെന്റര്‍ ജീവനക്കാരുടെ ജോലി ചെയ്യുന്നവരും മാഫിയയുടെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ ഇവര്‍ മാന്യമായി ഉപയോക്താക്കളോട് ഇടപെടും. പിന്നീടായിരിക്കും ഭീഷണി. ഉപഭോക്താക്കളുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നതും മറ്റും വിദേശത്തിരുന്നാണ്. അതിനാല്‍ ഇവരെ പിടികൂടുക അസാധ്യമാണ്.
”5000 രൂപ തരാം. ആധാറും പാന്‍കാര്‍ഡും മാത്രം തന്നാല്‍ മതി. പണം ഉടന്‍ അക്കൗണ്ടില്‍” എന്നിങ്ങനെയുള്ള സന്ദേശങ്ങളിലൂടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇരയെ കണ്ടെത്തുന്നത്. ചിലര്‍ ബാങ്ക് സ്‌റ്റേറ്റ്മന്റും ആവശ്യപ്പെടും. അയ്യായിരമെന്നു പറഞ്ഞാലും മൂവായിരം രൂപ മാത്രമേ ഇവര്‍ കൊടുക്കൂ. ബാക്കിത്തുക പ്രോസസിങ് ചാര്‍ജാണെന്നു വാദിക്കും. ഉപയോക്താക്കള്‍ ഏഴുദിവസത്തിനകം 5500 രൂപ മടക്കിനല്‍കുകയും വേണം. അല്ലെങ്കില്‍ ഏഴുദിവസത്തേക്ക് 75 ശതമാനം വരെയാണു പലിശ.
വായ്പാ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റും ഫോട്ടോകളുമെല്ലാം തട്ടിപ്പുസംഘത്തിന്റെ കൈയിലെത്തും. ഇതാണവര്‍ ഭീഷണിക്കായി ഉപയോഗപ്പെടുത്തുന്നത്. പണമെടുത്താല്‍ ആറാംദിവസം മുതല്‍ ഫോണ്‍വിളി തുടങ്ങും. അടച്ചില്ലെങ്കില്‍ ഭീഷണിയാകും. ഇതിനിടയില്‍ വായ്പയടക്കാന്‍ മറ്റൊരു മാര്‍ഗവും അവര്‍ പറയും. പതിനായിരത്തിന്റെ പുതിയ വായ്പ. ഇത് ഏഴുദിവസത്തിനകം 11,000 രൂപയായി തിരിച്ചടയ്ക്കണം. ഈ രീതിയില്‍ മൂന്നുലക്ഷം രൂപവരെ കടത്തിലായവരുണ്ട്.