അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും യു.ഡി.എഫ്
ഉപ്പുതറ: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതിയില്‍ നടന്ന ക്രമക്കേടില്‍ വിജിലന്‍സ്അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരവും വിശ്വാസ്യയോഗ്യവുമല്ല. ഇടതുമെമ്പര്‍മാരും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് കലക്ടര്‍ നിര്‍ദ്ദേശിച്ച അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനാണ്.
പ്രതിപക്ഷത്തുനിന്നും ഒരാളെപ്പോലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.നിലവില്‍ ബി.ഡി.ഒ.യുടെ നിയന്ത്രണത്തിലുള്ള തൊഴിലുറപ്പ് ഓഫീസില്‍ അവധി ദിവസവും രാത്രികാലങ്ങളിലും ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സോഫ്റ്റ് വെയറിലെ ഡേറ്റകള്‍ മായിക്കുകയും പുതിയതായി എം.ബുക്കും മസ്‌ട്രോളും എഴുതി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാന്‍ തയാറാകാത്തത് അന്വേഷണം അട്ടിമറിക്കുന്നതിന് തെളിവാണ്.
2017-18 മുതല്‍ പഞ്ചായത്തില്‍ നടന്ന എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും അന്വേഷിക്കണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ ജേക്കബ് പടലുങ്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യന്‍, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ജോസഫ് , ലിസി കുര്യാക്കോസ്, സോണിയ ജെറി, സിജി പ്രമോദ്, ശെല്‍വകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.