മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ?; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി


ചൈനാ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ എന്ന് ചോദിച്ച സുബ്രഹ്‌മണ്യന്‍ സ്വാമി, ഇക്കാര്യത്തില്‍ സുപ്രിം കോടതിയെ സമീപിയ്ക്കുമെന്നും വ്യക്തമാക്കി.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മോദിക്കെതിരായ വിമര്‍ശനം. ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിവച്ചിട്ടും ആരും വന്നിട്ടില്ല എന്നാണ് മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കും. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ പോസ്റ്റ് ചെയ്തു.
നേരത്തെയും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സുബ്രഹ്‌മണ്യം സ്വാമി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ടെന്നും അധികാരത്തിലിരിക്കുന്നവര്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്നും സുബ്രഹ്‌മണ്യം സ്വാമി പറഞ്ഞിരുന്നു.
ഈസ്റ്റര്‍ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൈസ്തവ ദേവാലയ സന്ദര്‍ശനത്തെയും സുബ്രമണ്യന്‍ സ്വാമി വിമര്‍ശിച്ചത് ഈയടുത്താണ്. മോദിയുടേത് പ്രീണന നീക്കമാണെന്നുംഹിന്ദുത്വത്തെ അവഹേളിച്ചുവെന്നുമായിരരുന്നു സ്വാമിയുടെ വിമര്‍ശനങ്ങള്‍.