പാലക്കാട്ടെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്; കൊല കവർച്ചാശ്രമത്തിനിടെ
പാലക്കാട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തീപിടിത്തമുണ്ടായതിന് പിന്നാലെ വീട്ടിൽനിന്നും ദുരൂഹസാഹചര്യത്തിൽ ഇറങ്ങിയോടിയ മണികണ്ഠനാണ് കേസിലെ പ്രതിയെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കവർച്ചാശ്രമത്തിനിടെയുള്ള കൊലപാതകാണിതെന്നും പൊലീസ് അറിയിച്ചു.
ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന അമ്പലത്തൊടി വീട്ടിൽ പത്മിനി (72), തങ്കം (70) എന്നിവരാണ് മരിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. പത്മിനിയും തങ്കവും തൊട്ടടുത്ത വീടുകളിലായി ഒറ്റയ്‌ക്കാണ് താമസം. വീട്ടിൽ തീ ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഒരാൾ വീട്ടിൽ നിന്നിറങ്ങിയോടിയത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ആളിന്റെ മുഖമുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. സംശയം തോന്നി നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. സഹോദരിമാർ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാൾ കവർച്ചയ്‌ക്കായി വീട്ടിലെത്തിയതായിരുന്നു. ഇവർ ബഹളുമുണ്ടാക്കിയതോടെ സിലിണ്ടർ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.