വാഴത്തോപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത്
*വാഴത്തോപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത്*
*ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി
സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി വാഴത്തോപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങും ലോക സാക്ഷരതാ ദിനാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരത നേടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ പശ്ചാത്തലത്തിലാണ് ഇ-മുറ്റം പോലുള്ള ഡിജിറ്റല്‍ സാക്ഷരത പദ്ധതികള്‍ പ്രസക്തമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ സാക്ഷരതാ ദിന സന്ദേശം നല്‍കി.
സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ആദ്യ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ്. പഞ്ചായത്തില്‍ ഇ-മുറ്റം പദ്ധതി പ്രകാരം 1102 പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തിയിരുന്നു. ഇതില്‍ 1097 പഠിതാക്കള്‍ വിജയിച്ചു. ഇവര്‍ക്ക് പരിശീലനം നല്‍കിയ ഇന്‍സ്ട്രക്ടര്‍മാരെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിജി ചാക്കോ മൊമെന്റോ നല്‍കി ആദരിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, ടി. ഇ നൗഷാദ്, വിന്‍സന്റ് വള്ളാടി, ഏലിയാമ്മ ജോയി, നിമ്മി ജയന്‍, ആലീസ് ജോസ്, ടിന്റു സുഭാഷ്, കുട്ടായി കറുപ്പന്‍, അജേഷ് കുമാര്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
*ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി*
സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, മറ്റു സാമൂഹ്യമാധ്യമങ്ങള്‍, ദൈനംദിന പണം ഇടപാടുകള്‍ക്കായി യുപിഐ ഉപയോഗം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്നിവര്‍ പരിശീലനം നല്‍കി 15 വയസിന് മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതാണ് പദ്ധതി.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയില്‍ 14 ജില്ലകളില്‍ നിന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാലാക്കിയത്. ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്താണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ 14 വാര്‍ഡുകളില്‍ നിന്നും 52 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. ഇവരാണ് ഓരോ വാര്‍ഡുകളിലും ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളെടുത്തത്. ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളിലും സര്‍വേ നടത്തി 1102 പഠിതാക്കളെയും കണ്ടെത്തി. പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ ഇവര്‍ക്ക് ഡിജിറ്റല്‍ മേഖലയിലെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കി. പഠിതാക്കള്‍ക്ക് കുറഞ്ഞത് 10 മണിക്കൂറാണ് ക്ലാസുകള്‍ നല്‍കിയത്. പഠിതാക്കളുടെ താത്പര്യം അനുസരിച്ചാണ് ക്ലാസുകള്‍ സജ്ജീകരിച്ചത്. പഠിതാക്കളില്‍ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ആയതിനാല്‍ വീടുകള്‍ക്ക് പുറമെ കൃഷിയിടങ്ങളും, പൊതു ഇടങ്ങളും ഡിജിറ്റല്‍ പഠനകളരിയായി മാറി. തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് ഭൂരിഭാഗം ക്ലാസുകളും നടന്നത്.