ദൂപ്ഗുരി നഷ്ടപ്പെട്ട് ബിജെപി; കോണ്‍ഗ്രസ്-ഇടത് സഖ്യം മൂന്നാമത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദൂപ്ഗുരി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 4,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസിയുടെ നിര്‍മ്മല്‍ ചന്ദ്ര വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി തപ്‌സി റോയിയാണ് മത്സരിച്ചത്. കോണ്‍ഗ്രസ്-ഇടത് സഖ്യ സ്ഥാനാര്‍ത്ഥിയായി ഈശ്വര്‍ ചന്ദ്ര റോയ്യും ജനവിധി തേടി. മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്- ഇടത് സ്ഥാനാര്‍ത്ഥി.
2021 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ബിഷ്ണുപദ റോയ് മത്സരിച്ചു വിജയിച്ച മണ്ഡലമാണിത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി സിപിഐ എം സ്ഥാനാര്‍ഥി ജയിച്ചിട്ടുള്ള മണ്ഡലമാണ് ദൂപ്ഗുരി. 2016 ല്‍ തൃണമൂല്‍ ജയിച്ച മണ്ഡലം 2021 ല്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപിക്കാണ് വിജയം. സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുപ്രകാരം ബോക്‌സാനഗറില്‍ തഫജ്ജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹുസൈന്‍ 34,146 വോട്ട് നേടിയപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി 3,909 വോട്ടില്‍ ഒതുങ്ങി.
ധന്‍പൂര്‍ സീറ്റില്‍ ബിന്ദു ദേബ്‌നാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ദേബ്‌നാഥിന് 30,017 വേട്ടും സിപിഐഎം സ്ഥാനാര്‍ത്ഥി കൗശിക് ചന്ദ 11,146 വോട്ടും നേടി.