പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് പരാജയപ്പെടുമെന്ന് സിപിഐ വിലയിരുത്തല്‍
തിരുവനന്തപുരം: പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ നേതൃത്വം. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയവും സിപിഐ ശരിവെയ്ക്കുന്നില്ല.
ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തോല്‍വി പ്രവചിക്കുന്നത്. കോട്ടയത്ത് നിന്നുളള എക്‌സിക്യൂട്ടിവ് അംഗം സി കെ ശശിധരനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നേരിയ വോട്ടുകള്‍ക്കായിരിക്കും പരാജയം എന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുളള സഹതാപ തരംഗം ശക്തമായിരുന്ന പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ പ്രചാരണം മുറുകിയതോടെ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ കഴിഞ്ഞു. എങ്കിലും 53 വര്‍ഷകാലം മണ്ഡലത്തെ പ്രതിനീധികരിച്ച യുഡിഎഫ് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചേക്കുമെന്നാണ് സിപിഐയുടെ നിഗമനം.
മണ്ഡലത്തില്‍ നടന്ന സുസംഘടിതമായ പ്രചാരണ പ്രവര്‍ത്തനത്തില്‍ സിപിഐ റിപ്പോര്‍ട്ട് സിപിഐഎമ്മിനെ അഭിനന്ദിക്കുന്നുമുണ്ട്. ശക്തമായ മത്സരം നടന്ന പുതുപ്പളളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 2000 മുതല്‍ 3000 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് സിപിഐഎമ്മിന്റെ കണക്ക്. അത് തളളികൊണ്ടാണ് ജെയ്ക്കിൻ്റെ തോൽവിയുടെ സാധ്യത സിപിഐ വിലിയിരുത്തുന്നത്. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന സിപിഐഎം ആരോപണവും സിപിഐ ശരിവെയ്ക്കുന്നില്ല. അത്തരമൊരു നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിപിഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.