ഉദയനിധിയുടെ സനാതനധര്‍മ പ്രസ്താവന; ഇന്ത്യ മുന്നണിയില്‍ ഭിന്നത; കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദമേറുന്നു


തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി. കമല്‍നാഥിന്റെ പ്രസ്താവന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്.
മധ്യപ്രദേശ് കൂടാതെ ഛത്തീസ്ഗഡിലും ഉടന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകള്‍ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ തുടരുകയും പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിവാദ പ്രസ്താവനയെ പരസ്യമായി തള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം.
ഇന്ത്യ മുന്നണിയിലെ ചില ഘടകക്ഷികളും സനാതനധര്‍മ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകാന്‍ പാടില്ലായിരുന്നെന്നും രാജ്യത്ത് ഹിന്ദുക്കളുടെ അംഗസഖ്യ എത്രയാണെന്ന് കൂടി അവര്‍ ഓര്‍മിക്കണമെന്നും ശിവസേന വിമര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു.