സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ്
സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എയും രംഗത്തുവന്നു. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകൾ ശരിയല്ല. എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങൾക്ക് വിലയുണ്ട്.
സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്തുവന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.