ഗണേഷിന്റെ അതൃപ്തി; മുന്നാക്ക കമ്മീഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. കെ ജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. മുന്നോക്ക കമ്മീഷന്‍ ചെയര്‍മാനെ മാറ്റിയതിൽ കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ വരും.
കെ ജി പ്രേംജിത്തിനെ വീണ്ടും ചെയർമാനാക്കും. കേരള കോൺഗ്രസ് ബി യുടെ അതൃപ്തി നേതൃത്വം മനസിലാക്കിയെന്ന് കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. ചെയർമാനെ മാറ്റിയതിൽ മുഖ്യമന്ത്രിയുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായും സംസാരിച്ചിരുന്നുവെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
മൂന്ന് പേരുമായി തിങ്കളാഴ്ചയാണ് സംസാരിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെട്ടു ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥർക്ക് ഉണ്ടായ ശ്രദ്ധകുറവ് മൂലമാണ് ഉത്തരവുണ്ടായത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച ചില അംഗങ്ങളെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.