പതിനായിരം സ്‌നേഹക്കിറ്റുകൾ ഒരുക്കി ഡി.വൈ.എഫ്.ഐ.

നെടുങ്കണ്ടം : ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ള മുഴുവൻ കുടുംബങ്ങൾക്കും സ്‌നേഹക്കിറ്റുകൾ എത്തിച്ച് ഡി.വൈ.എഫ്.ഐ. 10,000 ഭക്ഷ്യക്കിറ്റുകളാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിലെത്തിച്ച് നൽകുന്നത്. ഒരുകുടുംബത്തിന് ഒരു മാസത്തേക്കുള്ള പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയടങ്ങിയതാണ് സ്‌നേഹക്കിറ്റ്.
ലോക്‌ഡൗൺ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ വീടുകളിൽ സ്‌നേഹക്കിറ്റുകളുമായി എത്തുകയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. നിരീക്ഷണത്തിലുള്ള എല്ലാ കുടുംബങ്ങളിലും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടക്കം 23-ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയതാണ് ഓരോ കിറ്റും. 4,200 കിറ്റുകൾ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ മുതൽ സ്‌നേഹക്കിറ്റ് വരെയായി ആയിരക്കണക്കിന് യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് സന്നദ്ധ പ്രവർത്തകരായി ജില്ലയിൽ പ്രവർത്തിക്കുന്നത്.
ആംബുലൻസുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ 360 സ്‌നേഹവണ്ടികളാണ് ജില്ലയിലാകെ ഡി.വൈ.എഫ്.ഐ.തയ്യാറാക്കിയത്. കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഞ്ചരിക്കുന്നതിനും, അവശ്യസാധനങ്ങളും മരുന്നും എത്തിക്കുന്നതിനും സ്‌നേഹയാത്രകൾ തുടരുകയാണ്. ജില്ലയിൽ കോവിഡ് പോസിറ്റീവായി മരണപ്പെടുന്നവരുടെ ശവസംസ്‌കാരച്ചടങ്ങുകൾ നിർവഹിക്കുന്നതിന് പ്രത്യേക യൂത്ത് ബ്രിഗേഡ് ടീമിനെ തയ്യാറാക്കിയുട്ടുണ്ട്. 60 മൃതദേഹങ്ങൾ ഇതുവരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ സഹായത്തോടെ സംസ്‌കരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് വാർഡുതലത്തിൽ അഞ്ചുപേർ വീതമുള്ള സന്നദ്ധസേനകൾ രൂപവത്കരിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ അറിയിച്ചു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സി.വി.ആനന്ദ്, വിജീഷ് വിജയൻ, വർഗീസ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെടുങ്കണ്ടം മേഖലയിലേക്കുള്ള കിറ്റുകൾ തയ്യാറാക്കുന്നത്.