അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ സാവകാശം തേടും; കെ രാധാകൃഷ്ണൻ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണൻ എംപി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജാരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ ഇഡിയോട് സാവകാശം തേടുമെന്നും അറിയിച്ചു. ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഹാജരാകാനായിരുന്നു ഇ ഡിയുടെ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി ഓഫീസിൽ നിന്ന് സമൻസ് നൽകിയിരുന്നെങ്കിലും അന്നും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനൽകിയിരുന്നു. ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചിരുന്നു. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണൻ എംപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരുന്നത്.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇ ഡിയുടെ നീക്കം.









































































