രോഗികൾക്ക് മാനസിക ഉല്ലാസത്തിന് വഴിയൊരുക്കി യുവജന കൂട്ടായ്മ

മൂന്നാർ : കോവിഡ് രോഗികളായി ഡി.സി.സി.കളിൽ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനായി ഗാനമേളയുമായി യുവജനങ്ങൾ രംഗത്ത്. പഞ്ചായത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ആർ.ആർ.ടി. അംഗങ്ങളാണ് രോഗബാധിതർക്കായി സന്ധ്യാസമയങ്ങളിൽ ഗാനമേള അവതരിപ്പിക്കുന്നത്.
രോഗം ബാധിച്ച് വീടുകളിൽനിന്നകന്ന് ഏറെ ദൂരെയുള്ള കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ വിരസതയും മറ്റും അകറ്റി മാനസിക ഉല്ലാസം നേടുക എന്ന ലക്ഷ്യത്തോടെയാണ് സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ യുവാക്കളുടെ നേതൃത്വത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്.
ഡി.സി.സി.കളായി പ്രവർത്തിക്കുന്ന സ്കൂളുകളിലും മറ്റും രോഗികൾ താമസിക്കുന്ന സ്ഥലത്തുനിന്നും അവർക്ക് കാണാൻ സാധിക്കുന്ന ദൂരത്താണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സംഗീതപരിപാടികൾ നടത്തുന്നത്.
പള്ളിവാസൽ പഞ്ചായത്തിനു കീഴിൽ ആറ് ഡി.സി.സി. കേന്ദ്രങ്ങളിലായി 80 കോവിഡ് രോഗികളാണ് കഴിയുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് വി.ജി.പ്രതീഷ് കുമാറിന്റെ നിർദേശപ്രകാരം പ്രത്യേകം പരിശീലനം ലഭിച്ച ആർ.ആർ.ടി. അംഗങ്ങളായ എബിൻ, സിനോജ്, ബേസിൽ, ഹരീഷ്, വിജിൽ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് കോവിഡ് സേവനപ്രവർത്തനങ്ങൾക്കൊപ്പം സംഗീതവിരുന്ന് ഒരുക്കുന്നത്.