മഴക്കുറവ്; മുല്ലപ്പെരിയാറും വൈഗയും വറ്റുന്നു
കുമളി: മഴക്കാലത്തും മഴയില്ലാതായതോടെ മുല്ലപ്പെരിയാറിനൊപ്പം തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും വെള്ളം കുറഞ്ഞു.
മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം വൈദ്യുതി, കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷം തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്.
142 അടി സംഭരണശേഷിയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 118.25 അടി മാത്രമാണ് ജലം ഉള്ളത്. ഇതോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവില്‍ ഗണ്യമായ കുറവുണ്ടായി.സെക്കൻഡില്‍ 300 ഘന അടി ജലം മാത്രമാണ് ഇപ്പോള്‍ തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. തേനി ജില്ലയിലെ കാര്‍ഷിക ആവശ്യത്തിനുപോലും നിലവില്‍ ഒഴുക്കുന്ന ജലം തികയില്ലെന്ന് അധികൃതര്‍ പറയുന്നു.
തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 47 അടി ജലം മാത്രമാണുള്ളത്. 71 അടിയാണ് സംഭരണശേഷി. ഇവിടെനിന്ന് സെക്കൻഡില്‍ വെറും 69 ഘന അടി ജലം മാത്രമാണ് തുറന്നുവിട്ടിട്ടുള്ളത്. കര്‍ക്കടകത്തിലും ചിങ്ങം പിറന്നിട്ടും മഴ ശക്തിപ്രാപിക്കാത്തതാണ് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തിയത്. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും രണ്ടുദിവസമായി മഴയുണ്ടെങ്കിലും ശക്തമല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.