വയോധികയുടെ ഇടുപ്പെല്ല് വിജയകരമായി മാറ്റിവെച്ച് കട്ടപ്പന താലൂക്ക് ആശുപത്രി.
കട്ടപ്പന : സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. 85 വയസ്സുകാരിയുടെ ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് മണിക്കൂറുകളെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള സ്വകാര്യ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും നടത്തുന്ന ശസ്ത്രക്രിയയാണ് പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കിയത്. നരിയംപാറ സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീണതിനെ തുടർന്ന് ഇടുപ്പെല്ല് തകർന്ന എൺപത്തിയഞ്ചുകാരിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായക്കൂടുതലും, ഹൃദ്‌രോഗവും അനസ്തേഷ്യ നൽകുന്നതിന് വെല്ലുവിളിയായെങ്കിലും ആത്മവിശ്വാസത്തോടെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപയോളം െചലവ് വരുന്നതാണ് ശസ്ത്രക്രിയ.
ഇത് രണ്ടാം തവണയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നത്. ഓർത്തോ സർജൻ ഡോ. ജിശാന്ത് ബി. െജയിംസ്, അനസ്തേഷ്യ വിദഗ്ധൻ ഡോ.സുജേഷ്, ഡോ. എം.എസ്.നിധിൻ, നഴ്സുമാരായ സ്മിതാ കുമാർ, ആര്യാ ചന്ദ്രൻ, സീതാമോൾ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.