ജി 20 ഉച്ചകോടി : ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല
ഡൽഹിയിൽ ചേരുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല. ഷി ജീൻപിങ്ങ് പങ്കെടുക്കില്ലെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയെന്നും ചൈനീസ് എംബസി അറിയിച്ചു. ചൈന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി 2023 ലെ ഭൂപടം പുറത്തിറക്കിയതിൽ രാജ്യം അറിയച്ച കടുത്ത പ്രതിഷേധവും നാളെ മുതൽ 10 ദിവസം വരെ പാകിസ്ഥാൻ ചൈന അതിർത്തികളിൽ ഇന്ത്യൻ വ്യോമസേന നടത്താനിരിക്കുന്ന സൈനിക അഭ്യാസവും ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ കൂടിയാണ് ഡൽഹിയിൽ ചേരുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷി ജീൻ പിങ് പങ്കെടുക്കില്ലെന്ന സൂചനകൾ ചൈനീസ് എംബസി നൽകുന്നത്.
ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയെന്നും ചൈനീസ് എംബസി അറിയച്ചതായാണ് സൂചന. എന്നാൽ ചൈനീസ് പ്രസിഡണ്ടിനും ഒപ്പമുളള സംഘത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജി20യുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ബ്രിക്‌സ് ഉച്ചക്കോടിയിലാണ് ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ്ങും നേരിൽ കണ്ടത്. ചൈനീസ് പ്രസിഡണ്ടിന് പുറമേ റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമർ പുട്ടിനും മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും ഉച്ചകോടിയിൽ പങ്കെടുക്കില്ല.
അതേസമയം ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ 207 ട്രെയിൻ സർവീസുകൾ റദ്ദാക്കുമെന്ന് ഉത്തര റെയിൽവേ അറിയിച്ചു.ഈ മാസം 9 10 11 തീയതികളിൽ ആണ് റെയിൽവേ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുക.പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ട് തിരിച്ചുവിടും. പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമാണ് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്.