കാസർഗോഡ് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; ജില്ലയിൽ ഒരു മാസത്തിനിടെ 3 ട്രെയിനുകൾക്ക് നേരെ കല്ലേറ്


കാസർഗോഡ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസർഗോഡിനും ഉപ്പളക്കും ഇടയിലാണ് ആക്രമണം ഉണ്ടായത്. ജില്ലയിൽ ഒരു മാസത്തിനിടെ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.
കണ്ണൂരിന് പുറമെ കാസർഗോട്ടും ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. ഒടുവിൽ നേത്രാവതി എക്‌സ്പ്രസിന് നേരെ ഇന്നലെ രാത്രി 8.45നാണ് കല്ലേറുണ്ടായത്. കാസർഗോഡിനും ഉപ്പളയ്ക്കും ഇടയിൽ വെച്ചാണ് ആക്രമണം. കല്ലേറിൽ എസ്2 കോച്ചിന്റെ ചില്ല് തകർന്നു. യാത്രക്കാർക്ക് ആർക്കും പരുക്കുകളില്ല. മംഗളൂരുവിൽ എത്തിയതിന് ശേഷം ട്രെയിനിൽ റെയിൽവേ പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ ആർ.പി.എഫും, കുമ്പള പൊലീസും സംയുക്തമായാണ് അന്വേഷണം. കല്ലേറുണ്ടായി എന്ന് കരുതുന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ജില്ലയിൽ ഒരു മാസത്തിനിടെ മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. നേരത്തെ രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട്ടും, ഓഖ എറണാകുളം എക്‌സ്പ്രസിന് നേരെ നീലേശ്വരത്ത് വെച്ചും കല്ലേറുണ്ടായി. കണ്ണൂർ – കാസർഗോഡ് പാതയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ 19 ട്രെയിനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം സംഭവങ്ങളും ആവർത്തിച്ചിട്ടും സുരക്ഷ ശക്തമാക്കാൻ റെയിൽവേയും, പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.