സമൂഹത്തിനാകെ വെളിച്ചവും കരുത്തുമാണ് യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ


സമൂഹത്തിനാകെ വെളിച്ചവും കരുത്തുമാണ് യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ദിനമാണ് ചതയദിനം .
ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്നും ഗുരു വചനങ്ങൾ സമൂഹത്തിന് വലിയ മാറ്റങ്ങൾക്കിട നല്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ചതയദിനാഘോഷ ഭാഗമായ സാംസ്കാരികസമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശ്രീനാരായണ ഗുരുദേവൻ്റെ 169 ആ മത് ജയന്തി ദിനാഘോഷ ഭാഗമായി
കട്ടപ്പന, കട്ടപ്പന നോർത്ത് വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള ശാഖകളുടെ ആഭിമുഖ്യത്തിലാണ് വിപുലമായ ചതയദിനാഘോഷം സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി ടൗൺ ചുറ്റി നടന്ന സംയുക്തഘോഷയാത്ര ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മനോഹരമായ പ്ലോട്ടുകളും പീത വർണ്ണകുടയും പതാകയുമേന്തിയ ഭക്തജനങ്ങളും അണിനിരന്ന ഘോഷയാത്ര കട്ടപ്പനയെ മഞ്ഞക്കടലാക്കി.
തുടർന്ന് കട്ടപ്പന ടൗൺ ഹാളിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എ. കുഞ്ഞൻ സ്മാരക സ്കോളർഷിപ്പും ശാഖാ യോഗങ്ങളുടെ സ്കോളർഷിപ്പും മന്ത്രി വിതരണം ചെയ്തു.
മലനാട് യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു.എ.സോമൻ ചതയദിന സന്ദേശം നല്കി. നേതാക്കളായ അഡ്വ. പി.ആർ. മുരളീധരൻ, ഷാജി പുള്ളോലിൽ, പി.കെ.രാജൻ, പി.കെ.ജോഷി, വി.ബി.സോജു ശാന്തി, സന്തോഷ് ചാളനാട്ട്, സന്തോഷ് കുമാർ പാതയിൽ, ഷൈബു റ്റി.എൻ, സി.കെ.വത്സ, പ്രവീൺ വട്ടമല, യൂണിയൻ ,ശാഖാ യോഗം, വനിതാ സംഘം , യൂത്ത് മൂവ്മെൻറ്, കുമാരി സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി. ഘോഷയാത്രയിലും പരിപാടിയിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.