ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി ദിനാഘോഷം എസ്എൻഡിപി യോഗം 1302-ാം നമ്പർ കൽത്തൊട്ടി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു


വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും കുമാരി സംഘത്തിന്റെയും കുടുംബ യോഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.
രാവിലെ ഗുരുപൂജയ്ക്കുശേഷം ശാഖാ യോഗം പ്രസിഡന്റ് എൻ.ആർ.ലാൽ പതാക ഉയർത്തി. തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം നടന്നു. നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ ഉപക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ജയന്തി ദിന ഘോഷയാത്ര എസ്എൻഡിപി യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ ഉദ്ഘാടനം ചെയ്തു. ശബരിഗിരി ക്ഷേത്രം ഭാരവാഹികളായ ജെ.ജയകുമാർ, മധുക്കുട്ടൻ നായർ, അനിൽകുമാർ കല്ലേട്ട് തുടങ്ങിയവർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നന്ന ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും ഉൾപെടെ ഒട്ടേറെ ശ്രീനാരായണീയർ അണിചേർന്നു. ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നശേഷം നടന്ന ജയന്തി സമ്മേളനത്തിൽ ശാഖായോഗത്തിന്റെ മുൻഭാരവാഹികളായ പി.എസ്.ദിവാകരൻ, പി.ടി.രാജൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് എൻ.ആർ.ലാൽ അധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പ്രദീപ് എസ്.മണി, സെക്രട്ടറി വി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുകയും സ്‌കോർഷിപ്പ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് ചതയ സദ്യയോടെ ചടങ്ങുകൾ അവസാനിച്ചു.