ഓണോത്സവം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു


ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ഓണോത്സവം- 2023 ന്റെ ഔദ്യോഗിക ഉദ്ഘാടനം പി ജെ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. തൊടുപുഴ നഗരസഭ, ഡി റ്റി പി സി, മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെപ്റ്റംബർ 2 വരെ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
തൊടുപുഴ നഗരസഭ മൈതാനിയിൽ പാലാ കെ.ആർ മണി അവതരിപ്പിച്ച ഓട്ടൻ തുള്ളലോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഓണസന്ദേശം നൽകി. തുടർന്ന് പത്തനംതിട്ട മ്യൂസിക് ബ്രദേഴ്സിന്റെ ഗാനമേള നടന്നു.
ആഗസ്റ്റ് 26 ന് മെർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വിളംബരജാഥയോടെയാണ് തൊടുപുഴയിൽ ഓണോത്സവം 2023 ന് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 28 ന് തൊടുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കല്യാൺ സിൽക്‌സ് ഒന്നാം സമ്മാനം കരസ്ഥമാക്കി. പുളിമൂട്ടിൽ സിൽക്‌സ്, കല്യാൺ ജ്വല്ലറി എന്നിവ രണ്ടാം സമ്മാനവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മൂന്നാം സ്ഥാനവും നേടി.
സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക് തൊടുപുഴ മെർച്ചന്റ് ട്രസ്റ്റ് ഹാളിൽ കുട്ടികൾക്കുള്ള ചിത്രരചന, ചെസ് മത്സരങ്ങൾ എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വെച്ച് അഖിലകേരള വടംവലി മത്സരവും സംഘടിപ്പിക്കും. സെപ്റ്റംബർ 2 ന് വൈകിട്ട് 5.30 ന് മുൻസിപ്പൽ മൈതാനിയിൽ സമാപന സമ്മേളനം നടക്കും. തുടർന്ന് കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസിന്റെ മെഗാ ഇവന്റും അരങ്ങേറും.
നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദീപക്, വാർഡ് കൗൺസിലർ ജോസഫ് ജോൺ, കെവിവിഇഎസ് ജില്ലാ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് , തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി സജിപോൾ, ട്രഷറർ കെ എച്ച് കനി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എസ് അജി, ടി ആർ സോമൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സാലി എസ് മുഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.