വാഹനത്തിരക്കേറി നെടുങ്കണ്ടം; പരിശോധന കടുപ്പിച്ച് പോലീസ്
നെടുങ്കണ്ടം : കൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെ നടപടികൾ കടുപ്പിച്ച് പോലീസ്. നിലവിലുള്ള പോലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും പുറമേ രണ്ട് വനിതകൾ ഉൾപ്പെടെ 21 പേരെ പരിശോധനയ്ക്കായി നിയോഗിച്ചു. ഇതുകൂടാതെ നാല് ജീപ്പുകളിലും നാല് ബൈക്കുകളിലും മൊബൈൽ പരിശോധനാ യൂണിറ്റുകളും പ്രവർത്തിക്കും.
നെടുങ്കണ്ടം ടൗണിൽ രണ്ടിടത്തും കൽക്കൂന്തൽ, ഏഴുകുംവയൽ, തൂക്കുപാലം എന്നിവിടങ്ങളിലും പോലീസ് വാഹനപരിശോധന നടത്തുന്നുണ്ട്. ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ അനാവശ്യമായി പുറത്തിറങ്ങിയ 30 വാഹനങ്ങളാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
നിയന്ത്രണങ്ങൾ ശക്തമായ സാഹചര്യത്തിൽ മേഖലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുവന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മേഖലയിൽ സമ്പർക്കം മൂലമുള്ള രോഗവ്യാപനം കുറഞ്ഞുവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
നെടുങ്കണ്ടം പഞ്ചായത്ത് പൂർണമായും പാമ്പാടുംപാറ പഞ്ചായത്തിലെ മൂന്ന്, നാല്, 11, 12, 15 വാർഡുകളും കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14, 16 എന്നിവിടങ്ങളുമാണ് നിയന്ത്രിത മേഖലയായി തുടരുന്നത്.
പാൽ, പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി മുതലായ സ്ഥാപനങ്ങൾക്ക് മാത്രമേ ഇവിടെ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. കടകളുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുമണിവരെ മാത്രമാണ്.