കുടുംബശ്രീ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
കുടുംബശ്രീയുടെ രജതജൂബിലി വർഷത്തിൽ കേരളത്തിലെ മികച്ച സിഡിഎസിനെ കണ്ടെത്താൻ മലയാള മനോരമ സംഘടിപ്പിച്ച രജതശ്രീ മത്സരത്തിന്റെ ഇടുക്കി ജില്ലയിലെ താലൂക്കുതല ജേതാക്കൾക്കുള്ള പുരസ്‌ക്കാരങ്ങൾ കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഷീബ ജോർജ് സമ്മാനിച്ചു. ഒരുമയോടു കൂടിയുള്ള പ്രവർത്തനത്തിലൂടെയാണ് കുടുംബശ്രീ വിജയിച്ചുകൊണ്ടിരിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ഇത്തരത്തിലൊരു അവാർഡ് ഏർപ്പെടുത്താൻ താൽപ്പര്യം കാട്ടിയ മനോരമയ്ക്ക് അഭിനന്ദനാർഹമാണ്. ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീയുടെ പ്രവർത്തനം തുടർന്നുവരുകയാണ്. 25 വർഷം പിന്നിടുമ്പോൾ കുടുംബശ്രീയിൽ 50 ലക്ഷം അംഗങ്ങളുണ്ട്. സമസ്ത മേഖലകളിലും കുടുംബശ്രീ ഉണ്ട്. ആരുമില്ലാത്തവർക്ക് അത്താണിയാകുന്ന ഒരുപാട് പദ്ധതികൾ കുടുംബശ്രീ മുഖേന നടപ്പാക്കുന്നുണ്ടെന്നും ഷീബ ജോർജ് പറഞ്ഞു.
രജതശ്രീ മത്സരത്തിൽ ഉടുമ്പൻചോല താലൂക്ക് ജേതാക്കളായ പാമ്പാടുംപാറ സിഡിഎസിന്റെ ചെയർപഴ്സൻ മോളി സുരേന്ദ്രനും അംഗങ്ങളും ഇടുക്കി താലൂക്ക് ജേതാക്കളായ മരിയാപുരം സിഡിഎസിന്റെ ചെയർപഴ്സൻ റെനി ഷിബുവും അംഗങ്ങളും പീരുമേട് താലൂക്ക് ജേതാക്കളായ കുമളി സിഡിഎസിന്റെ ചെയർപഴ്സൻ ഇന്ദിര എസ്.നായരും അംഗങ്ങളും ദേവികുളം താലൂക്ക് വിജയികളായ വെള്ളത്തൂവൽ സിഡിഎസിന്റെ ചെയർപഴ്സൻ സ്മിത സാബുവും അംഗങ്ങളും ചേർന്ന് പുരസ്‌ക്കാരങ്ങൾ സ്വീകരിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ജൂറിയുടെ പ്രത്യേക പരാമർശം നേടിയ സിഡിഎസുകൾക്ക് 2000 രൂപയും പ്രശസ്തി പത്രവും കലക്ടർ കൈമാറി. കരുണാപുരം സിഡിഎസ് ചെയർപഴ്സൻ ഷോളി ജോസും അംഗങ്ങളും സേനാപതി സിഡിഎസ് ചെയർപഴ്സൻ പി.സന്ധ്യമോളും അംഗങ്ങളും ഇരട്ടയാർ സിഡിഎസ് ചെയർപഴ്സൻ സനില ഷാജിയും അംഗങ്ങളും അയ്യപ്പൻകോവിൽ സിഡിഎസ് ചെയർപഴ്സൻ രജിത ഷാജനും അംഗങ്ങളും വാഴത്തോപ്പ് സിഡിഎസ് ചെയർപഴ്സൻ വിജി കണ്ണനും അംഗങ്ങളും ഉപ്പുതറ സിഡിഎസ് ചെയർപഴ്സൻ റോസമ്മ ഫ്രാൻസിസും അംഗങ്ങളും പള്ളിവാസൽ സിഡിഎസ് ചെയർപഴ്സൻ രജിത റോയിയും അംഗങ്ങളും മൂന്നാർ സിഡിഎസ് ചെയർപഴ്സൻ ആർ.ഹേമലതയും അംഗങ്ങളും പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരങ്ങൾ സ്വീകരിച്ചു.
സംസ്ഥാനതലത്തിൽ ആദ്യ 3 സ്ഥാനങ്ങളിൽ എത്തുന്ന സിഡിഎസുകൾക്ക് യഥാക്രമം 3 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. അന്തിമ റൗണ്ടിൽ എത്തുന്ന മികച്ച സിഡിഎസുകൾക്ക് 40,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.
യോഗത്തിൽ മലയാള മനോരമ കോട്ടയം ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ അധ്യക്ഷത വഹിച്ചു. കെഎൽഎം ആക്സിവ ഇടുക്കി റീജനൽ മാനേജർ സണ്ണി ജോർജ്, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ജിജോ മാത്യു, മലയാള മനോരമ ഇടുക്കി ജില്ലാ ലേഖകൻ ആൽബിൻ രാജ് എന്നിവർ പ്രസംഗിച്ചു.