സൗരയൂഥത്തിലെ ഹോട്ട് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയായ ചന്ദ്രൻ; ആധിപത്യത്തിനായുള്ള ബഹിരാകാശ മത്സരം
ഭാവിയിൽ ചന്ദ്രനെ കോളനിവൽക്കരിക്കാനുള്ള മത്സരമാണ് ഇപ്പോൾ വിവിധ രാഷ്ട്രങ്ങൾ തമ്മിൽ നടത്തിവരുന്നത്. വരുന്ന ദശാബ്ദത്തിൽ ചന്ദ്രനിലും പരിസരത്തുമായി വിവിധ രാഷ്ട്രങ്ങൾ നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ ബഹിരാകാശരംഗത്ത് വലിയ മത്സരങ്ങളിലേക്ക് ലോകത്തെ നയിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. സൗരയൂഥത്തിലെ ഒരു ഹോട്ട് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയായി ചന്ദ്രൻ മാറുമെന്നതിനു പുറമേ, വിവിധ രാഷ്ട്രങ്ങൾ അവരുടെ സാങ്കേതിക വൈദഗ്ധ്യം പ്രദർശിപ്പിക്കാനുള്ള വേദിയാക്കി അവിടം മാറ്റുമെന്നുമാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങും മുമ്പായി അവിടെയെത്താൻ റഷ്യ നടത്തിയ മത്സരയോട്ടം അപ്പറഞ്ഞതിന് തെളിവാണ്. ലൂണ- 25-ന്റെ പരാജയം റഷ്യയെ തെല്ലൊന്ന് തളർത്തിയിട്ടുണ്ടെങ്കിലും തിരിച്ചുവരവിനുള്ള ശ്രമം അവർ തുടർന്നുകൊണ്ടേയിരിക്കും. റഷ്യയുടെ ദൗത്യം പരാജയപ്പെട്ടെങ്കിലും മറ്റു രാജ്യങ്ങൾ മത്സരത്തിന് തയാറായിക്കഴിഞ്ഞിരിക്കുന്നു. ജപ്പാന്റെ സ്‌പേസ് ഏജൻസിയായ ജാക്‌സ ചന്ദ്രനിൽ കൂടുതൽ കൃത്യതയാർന്ന ലാൻഡിങ് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 26-ന് ജപ്പാൻ ചന്ദ്ര പര്യവേഷണത്തിനായി സ്മാർട്ട് ലാൻഡർ അയക്കാൻ ഒരുങ്ങുകയാണ്. കൃത്യമായ ലാൻഡിങ് ടെക്‌നിക്കുകൾ പരീക്ഷിക്കുകയും ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് ജാപ്പനീസ് സ്‌പേസ് ഏജൻസിയുടെ ദൗത്യത്തിന്റെ ലക്ഷ്യം.
ചന്ദ്രോപരിതലത്തിൽ 2019-ൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ രാഷ്ട്രമാണ് ചൈന. 2030-ഓടെ മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. നാസയുടെ ആർട്ടിമിസ് ദൗത്യമാകട്ടെ ചന്ദ്രനിലും പരിസരത്തും ദീർഘകാലാടിസ്ഥാനത്തിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവമായിരിക്കും ഇന്ത്യ പോലെ മറ്റു രാഷ്ട്രങ്ങളും പ്രധാനമായും ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ നിഴൽ നിറഞ്ഞ ഗർത്തങ്ങളിൽ ഘനീഭവിച്ച ജലം കിടക്കുന്നതാണ് അതിനു കാരണം. ജീവൻ നിലനിർത്താൻ ജലം ആവശ്യമാണെന്നതിനപ്പുറം ജലത്തിന്റെ ഘടകങ്ങളായ ഹൈഡ്രജനും ഓക്‌സിജനും റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് ദക്ഷിണ ധ്രുവ പ്രണയത്തിനു കാരണം.
സൗരയൂഥത്തിന്റെ മറ്റിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചന്ദ്രനെ ഒരു ഇന്ധന സ്റ്റേഷനാക്കി മാറ്റാനാണ് രാഷ്ട്രങ്ങളെല്ലാം തന്നെ ശ്രമിക്കുന്നത്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യമുള്ള പ്രദേശമായി ദക്ഷിണധ്രുവം മാറിയേക്കാം.
സ്വകാര്യ സ്‌പേസ് ഏജൻസികളായ ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സും പിറ്റ്‌സ്‌ബെർഗ് ആസ്ഥാനമാക്കിയുള്ള ആസ്‌ട്രോബോട്ടിക്കും വൈകാതെ തന്നെ ചന്ദ്രനിലേക്ക് പേലോഡുകൾ ഘടിപ്പിച്ച ലാൻഡറുകൾ അയക്കാൻ ഒരുങ്ങുകയാണ്. ആമസോണിന്റെ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിനും സ്‌പേസ് എക്‌സിനും ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനുള്ള സ്‌പേസ്‌ക്രാഫ്റ്റുകൾ രൂപകൽപന ചെയ്യാൻ നാസ കോടിക്കണക്കിന് ഡോളറുകളുടെ കരാറുകൾ ഒപ്പിട്ടു കഴിഞ്ഞു. ചന്ദ്രനിലെ പാറകളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് സോളാർ സെല്ലുകളും ട്രാൻസ്മിഷൻ വയറുകളും നിർമ്മിക്കുന്നതിനുള്ള 34 മില്യൺ ഡോളറിന്റെ കരാറും ബ്ലൂ ഒറിജിന് ലഭിച്ചിട്ടുണ്ട്.
വരുന്ന ദശാബ്ദത്തിൽ ഏകദേശം 150-ൽ അധികം ചാന്ദ്രദൗത്യങ്ങൾക്കാകും ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ അസിസ്റ്റന്റ് ഡയറക്ടറായ മാത്യു ഡാനിയേൽസ് വ്യക്തമാക്കിയത്.