പ്രമുഖ മാട്രിമോണി സ്ഥാപനത്തിന്റെ പേരിനു സാദൃശ്യമുള്ള പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ


മൂവാറ്റുപുഴ :
പ്രമുഖ മാട്രിമോണി സ്ഥാപനത്തിന്റെ പേരിനു സാദൃശ്യമുള്ള പേരിൽ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിച്ചയാൾ പിടിയിൽ. മുളവൂർ ജോൺപടി ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ ഉമേഷ് മോഹൻ (22)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാഴപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന മാട്രിമോണി സ്ഥാപനത്തിന്റെ മറവിൽ ഒട്ടനവധി അവിവാഹിതരായ യുവാക്കക്കളെയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇയാൾ റോയ്, ഷാനവാസ്, മാത്യു എന്നീ പേരുകളിൽ ഇടപഴകി അവിവാഹിതരായ യുവാക്കളെ വിവിധ സ്ത്രീകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും നൽകി ബന്ധപ്പെട്ടിരുന്നു. പത്രപരസ്യം നൽകി സംസ്ഥാനത്ത് ഉടനീളം ഉള്ള യുവാക്കളെ രെജിസ്റ്റർ ചെയ്യിക്കുന്ന പ്രതി വിവാഹങ്ങളൊന്നും നടത്തിയട്ടില്ല. പെണ്ണ്കാണൽ എന്ന പേര് പറഞ്ഞ് പ്രതി ഗൂഗിൾ പേ വഴി പണം കൈപ്പറ്റുകയായിരുന്നു. വിവിധ സമൂഹമാധ്യമങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അത് അവിവാഹിതർക്ക് അയച്ചു നൽകിയിരുന്നു. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ് ഐ മാഹിൻ സലിം, സീനിയർ സിപിഓമാരായ പി.എ.ഷിബു , ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.