കട്ടപ്പനയിൽ കുടിവെള്ളമില്ലാതെ മുന്നുറോളം കുടുംബങ്ങൾ
കട്ടപ്പന നഗരത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതിയുടെ തകരാർ പരിഹരിക്കാനായി ഉയർത്തുന്നതിനിടെ മോട്ടോറും പമ്പുസെറ്റും കുഴൽകിണറിലേക്ക് പതിച്ചതിനാൽ ജല വിതരണം തടസ്സപ്പെട്ടിട്ട് പത്ത് ദിവസം.
പ്രിൻകോസ് ജംക്ഷനിലുള്ള ജല അതോറിറ്റിയുടെ ഈ പദ്ധതിയിൽ നിന്നുള്ള ശുദ്ധജല വിതരണം കഴിഞ്ഞ 11 മുതലാണ് മുടങ്ങിയത്.
ഇതോടെ ഈ പദ്ധതിയെ ആശ്രയിക്കുന്ന ടൗൺ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
കാലപ്പഴക്കം ചെന്ന മോട്ടോറും പമ്പുസെറ്റുമാണ് ഈ കുഴൽ കിണറ്റിലുള്ളത്. കഴിഞ്ഞയാഴ്ച മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ വെള്ളം കയറാതെ വന്നതിനെ തുടർന്നാണ് തകരാർ പരിഹരിക്കാനായി ഇത് ഉയർത്താൻ തീരുമാനിച്ചത്.
കുഴൽ കിണറ്റിൽ വെള്ളം കുറവായതാണോ കാരണമെന്നും സംശയിച്ചിരുന്നു. ഞായറാഴ്ചയാണ് മോട്ടോറും പമ്പുസെറ്റും ഉയർത്തിയത്.
ഈ ജോലി പൂർത്തിയാകുന്നതിനു മുൻപ് പമ്പും മോട്ടോറും കുഴൽ കിണറ്റിലേക്കുതന്നെ പതിക്കുകയായിരുന്നു. അതിനാൽ ഇനി ഇവ പുറത്തെടുത്തെങ്കിൽ മാത്രമേ ജലവിതരണം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ.
ഇവ എത്രതാഴ്ചയിലാണ് കിടക്കുന്നതെന്നും ഉയർത്താൻ പറ്റുമോയെന്നും ഇനിയും വ്യക്തമല്ല. അതിനായി കുഴൽ കിണറ്റിൽ ക്യാമറയിറക്കി പരിശോധന നടത്തുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. പുറത്തെടുക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു മോട്ടോർ ഇറക്കാൻ സാധിക്കുമോയെന്ന കാര്യവും പരിശോധിച്ചശേഷം തുടർനടപടി കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.
സ്‌കൂൾക്കവലയിലെ ശുദ്ധജല വിതരണ പദ്ധതി നിർത്തിയശേഷം അതിന്റെ പരിധിയിലുള്ളവർക്കും ശുദ്ധജലം നൽകിയിരുന്ന പദ്ധതിയാണ് ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. മുൻപ് ഈ കുഴൽ കിണറ്റിൽ ചെളി നിറഞ്ഞപ്പോൾ പൈപ്പ് ഉയർത്തി ചെളിനീക്കുകയും ആഴം 350 അടിയാക്കുകയും ചെയ്തിരുന്നു.
ഈ മോട്ടോറും പമ്പുസെറ്റും പലപ്പോഴും തകരാറിലാകുന്നതിനാൽ ജലവിതരണം മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.