ജില്ലയില്‍ ഇക്കുറി വിതരണം ചെയ്യുക 35,329 സൗജന്യ ഓണകിറ്റുകള്‍
പൊന്നോണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളെപോലെ കരുതലിന്റെ ഭക്ഷ്യ കിറ്റുകള്‍ സൗജന്യ വിതരണത്തിനായി ഒരുക്കി സര്‍ക്കാര്‍. സദ്യയും പായസവും ഒരുക്കി സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള 13 ഇനങ്ങളുണ്ട് ഇക്കുറി ഓണക്കിറ്റില്‍. ഇക്കുറി ജില്ലയില്‍ 35,329 ഓണക്കിറ്റുകളാണ് സൗജന്യ വിതരണത്തിന് എത്തുക. ജില്ലയിലെ എഎവൈ കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഓണത്തിന് സര്‍ക്കാരിന്റെ കരുതല്‍ കിറ്റുകള്‍ ലഭിക്കുക. എഎവൈ കാര്‍ഡുടമകള്‍ക്കായി 34,407 കിറ്റുകളും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 922 കിറ്റുകളുമാണ് വിതരണം ചെയ്യുക. എഎവൈ കാര്‍ഡുടമകള്‍ക്ക് തൊടുപുഴ താലൂക്കില്‍ 7556 കിറ്റുകളും ഇടുക്കി താലൂക്കില്‍ 6583 കിറ്റുകളും പീരുമേട് താലൂക്കില്‍ 4783 കിറ്റുകളും ദേവികുളം താലൂക്കില്‍ 9593 കിറ്റുകളും ഉടുമ്പന്‍ചോലയില്‍ 5892 കിറ്റുകളും വിതരണത്തിന് എത്തും.
ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി തൊടുപുഴയില്‍ 258 കിറ്റുകളും ഇടുക്കിയില്‍ 317 കിറ്റുകളും ദേവികുളത്ത് 178 കിറ്റുകളും ഉടുമ്പന്‍ചോലയില്‍ 96 കിറ്റുകളും പീരുമേട് 73 കിറ്റുകളും വിതരണം ചെയ്യുമെന്ന് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ആര്‍ ജയശ്രീ അറിയിച്ചു.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മികസ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി ഉള്‍പ്പടെ 13 ഇനം സാധനങ്ങള്‍ അടങ്ങുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. സപ്ലേകോയുടെ സഹകരണത്തോടെ റേഷന്‍ കടകള്‍ വഴിയാണ് ഓണകിറ്റുകള്‍ വിതരണം ചെയ്യുക.
പാക്കിങ് ജോലികള്‍ പുരോഗമിക്കുകയാണെന്നും 23 ഓടെ വിതരണം തുടങ്ങുമെന്നും സപ്ലൈകോ അധികൃതര്‍ പറഞ്ഞു.