സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കട്ടപ്പനയില്‍ തുടക്കമായി
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുന്ന മലയാളികള്‍ക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയര്‍ 2023 ന് കട്ടപ്പനയില്‍ തുടക്കമായി. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ഓണം ഫെയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഒരുരൂപയുടെ പോലും വിലക്കയറ്റമില്ലാതെ സപ്ലൈകോ വഴി 13 സാധനങ്ങളാണ് സബ്സിഡി ഇനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആഘോഷവേളകളില്‍ അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ നല്‍കുന്ന വിലക്കുറവ് ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ ഒരുക്കിയ ഓണം ഫെയര്‍ ഉദ്ഘാടന പൊതുയോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് കിറ്റ് നല്‍കി ആദ്യവില്‍പന ആരംഭിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി പച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 19 മുതല്‍ 28 വരെ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാല വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാണ് സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്റ്റ് 23 മുതല്‍ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.13 ഇനം സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ ഫെയറുകളില്‍ ലഭ്യമാകും. ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറിലാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ബീന ടോമി, ബിന്ദുലത, ഷാജി കുത്തോടില്‍ സിഡിഎസ് ചെയര്‍പേഴ്‌സന്മാരായ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രന്‍, ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ വി പി ലീലാകൃഷ്ണന്‍, നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോ മാനേജര്‍ സുരേഷ്‌കുമാര്‍ എം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിലക്കുറവില്‍ ഓണമാഘോഷിക്കാം സപ്ലൈകോയോടൊപ്പം
വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനേക്കാള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സാധങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തി ഇവ വാങ്ങാം. സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ട് പൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതു വിപണിയില്‍ നിന്നും അഞ്ച് രൂപ വിലക്കുറവില്‍ അഞ്ച് ഉത്പന്നങ്ങള്‍ പുതിയതായി സപ്ലൈകോ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 1000ല്‍ അധികം ഉല്‍പന്നങ്ങളാണ് ഫെയറിലുള്ളത്. ഹോര്‍ടികോര്‍പ്പിന്റെ പച്ചക്കറി ചന്ത, മില്‍മ സ്റ്റാള്‍ എന്നിവയും ഫെയറിന്റെ ഭാഗമാണ്.