‘മരണത്തിന്റെയും നാശത്തിന്റെയും താഴ്വര’; മണിപ്പൂരിലെ മലയോര ജില്ലകൾക്ക് പ്രത്യേക ഡിജിപിയെ വേണമെന്ന് കുക്കി എംഎൽഎമാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മണിപ്പൂരിലെ മെയ്തേയി, കുക്കി എംഎൽഎമാർ. കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾക്ക് പ്രത്യേക ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അനുവദിക്കണമെന്ന് കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു. മണിപ്പൂരിൽ നിന്ന് അർദ്ധസൈനിക വിഭാഗത്തെ പിൻവലിക്കണമെന്നാണ് മെയ്തേയ് സമുദായത്തിലെ നിയമസഭാംഗങ്ങളുടെ ആവശ്യം.
സംസ്ഥാനത്തെ 40 എംഎൽഎമാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇവരിൽ ഭൂരിഭാഗവും മെയ്തേയ് സമുദായത്തിൽപ്പെട്ടവരാണ്. കുക്കി ആധിപത്യമുള്ള അഞ്ച് മലയോര ജില്ലകളിൽ പ്രത്യേക ചീഫ് സെക്രട്ടറി, ഡിജിപി തസ്തികകൾ അല്ലെങ്കിൽ അതിന് തുല്യമായ തസ്തികകൾ അനുവദിക്കണമെന്നാണ് കുക്കി-സോമി എംഎൽഎമാർ ആവശ്യപ്പെടുന്നത്. ചുരാചന്ദ്പൂർ, കാങ്‌പോക്പി, ചന്ദേൽ, തെങ്‌നൗപൽ, ഫെർസാൾ എന്നിവയാണ് കുക്കി ആധിപത്യമുള്ള അഞ്ച് ജില്ലകൾ.
സംഘർഷം കാരണം, കുക്കി സമൂഹം താമസിക്കുന്ന പല പ്രദേശങ്ങളും തലസ്ഥാനമായ ഇംഫാലിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. കാര്യക്ഷമമായ ഭരണത്തിന് ഈ തസ്തികകൾ ആവശ്യമാണെന്നും എംഎൽഎമാർ കത്തിൽ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 500 കോടി അനുവദിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം അസം റൈഫിൾസിനെ പിൻവലിക്കണമെന്നാണ് മെയ്തേയ് കമ്മ്യൂണിറ്റിയിലെ നിയമസഭാംഗങ്ങളുടെ ആവശ്യം.