മനുഷ്യരെ തുല്യരായി കണ്ടും ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ നേരിട്ടും കേരളം രാജ്യത്തിന് മാതൃകയായി: മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും അതിന് ഉപകരിച്ചുവെന്നും അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ നുള്ളിയെറിയണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. പൊലീസ് മെഡലുകളും മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സമ്മാനിച്ചു.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 84 ശതമാനം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 54 ശതമാനം വര്‍ധിച്ചു. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കി. 100000 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യത്തെ എട്ടുമാസം കൊണ്ട് ലക്ഷ്യത്തെ മറികടക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഏഴുവര്‍ഷംകൊണ്ട് 85,540 കോടി രൂപയുടെ കയറ്റുമതിയാണ് കേരളത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2021 ഓടെ 65,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം ഇത്തരമൊരു ലക്ഷ്യത്തിന് മുന്‍കൈയെടുക്കുന്നത്. 64,006 കുടുംബങ്ങളെയാണ് അതി ദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. 2025 ഓടെ കേരളത്തില്‍ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ ആകും എന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തില്‍ നവകേരള നിര്‍മ്മിതിക്കാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.