ഭൂപതിവ് ഭേദഗതി ബിൽ സമരക്കാർ കീറിയെറിഞ്ഞത് ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്നം: മന്ത്രി റോഷി അഗസ്റ്റിൻ
- ബില്ലിൽ രാഷ്ട്രീയം പാടില്ലെന്ന് വീണ്ടും അഭ്യർത്ഥിച്ച് മന്ത്രി
തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആശങ്ക പരിഹരിക്കുന്നതിനായി കൊണ്ട് വന്ന ബില്ല് സമരത്തിന്റെ പേരിൽ കളക്ട്രേറ്റിന് മുന്നിൽ വച്ചു കീറിയെറിഞ്ഞത് ഹൃദയഭേദകം ആയെന്നു മന്ത്രി റോഷി അഗസ്റ്റിൻ.
നാളിതു വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനാണ് ഭൂപതിവ് ഭേദഗതി ബില്ല് കൊണ്ട് വന്നിരിക്കുന്നത്. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇനി നിയമ സഭയിൽ മടങ്ങിയെത്തി അംഗങ്ങൾക്ക് ചർച്ച ചെയ്യാൻ അവസരം ലഭിക്കും. പോരായ്മകൾ ഉണ്ടെങ്കിൽ അപ്പോൾ ചൂണ്ടിക്കാട്ടനുള്ള അവസരം ഉണ്ട്. അതിന്റെ പേരിൽ ഇപ്പോഴേ എതിർക്കുന്നത് അനൗചിത്യം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ പറഞ്ഞ് ഒരു ബില്ലും തയാറാക്കാൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് ചോദ്യം ചെയ്തു ആരെങ്കിലും കോടതിയെ സമീപിച്ചാൽ ബിൽ അവതരണം തന്നെ മുടങ്ങാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ഇച്ഛാശക്തിയുള്ള സർക്കാരാണി തെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം ആണിത്. അതിൽ രാഷ്ട്രീയം കാണരുത്. ഒരുമിച്ച് നിന്ന് ബില്ല് പാസാക്കണം എന്ന് നിയമസഭയിൽ കൈകൂപ്പി അഭ്യർത്ഥിച്ചത് അതു കൊണ്ടാണ്. എന്നാൽ സ്പിരിറ്റ് ഉൾക്കൊള്ളുന്നു എന്ന് പറഞ്ഞ മാത്യു കുഴൽനാടൻ എംഎൽഎ പക്ഷെ തടസ്സവാദം ഉന്നയിക്കുകയായിരുന്നു. ഇത് ബുദ്ധിമുട്ടുണ്ടാക്കി. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചു ചരിത്രപരമായ ബില്ല് അവതരിപ്പിക്കുമ്പോൾ ജില്ലയിലെ യുഡിഎഫ് നേതാക്കൾ പോലും സഭയിൽ ഉണ്ടായിരുന്നില്ല എന്നതിൽ നിരാശ തോന്നിയെന്നും റോഷി പറഞ്ഞു.
കഴിഞ്ഞ എട്ടിന് ബിസിനസ് അഡ്വൈസറി കമ്മിറ്റി ചേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‍പീക്കറും മറ്റ് കക്ഷിനേതാക്കളും ചേര്‍ന്നാണ് ഈ സമ്മേളന കാലയളവില്‍ ഏതൊക്കെ ബില്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചത്. ഭൂമി പതിവ് നിയമ ഭേദഗതി ബില്‍ 16ന് എടുക്കാനും നിശ്ചയിച്ചു. ശേഷം 24ന് ചര്‍ച്ചചെയ്‍ത് നിയമമാക്കാനാവുന്ന തരത്തിലാണ് ക്രമീകരിച്ചത്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചത്. ഒമ്പതിന് വീണ്ടും ബിഎസി കൂടി 16ന് എടുക്കേണ്ട ബില്ലും 10ന് പരിഗണിക്കണമെന്ന് നിശ്ചയിച്ചു. ഇതിന് ശേഷമാണ് ബില്‍ അവതരണ വേളയില്‍ മാത്യു കുഴല്‍നാടൻ തടസവാദം ഉന്നയിച്ചത്. ബില്‍ നേരത്തെ സര്‍ക്കലേറ്റ് ചെയ്യപ്പെടേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ തടസവാദം. അന്ന് അഞ്ചോ ആറോ ബില്‍ അവതരിപ്പിച്ചു. മറ്റൊരു ബില്ലിനും അവര്‍ക്ക് തടസവാദമില്ല. അവതരണ വേളയില്‍ ജില്ലയില്‍നിന്ന് ഭരണപക്ഷത്തുള്ള എല്ലാ എംഎല്‍എമാരും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് ജില്ലയിലെ ഏക പ്രതിനിധി പി ജെ ജോസഫ് ഇല്ലായിരുന്നു. ആകെ ഏഴോ എട്ടോ എംഎല്‍എമാര്‍ മാത്രം. സർക്കാർ അത്രയ്ക്ക് അടിയന്തര പ്രാധാന്യം നൽകുമ്പോൾ ഇതിനോട് മുഖം തിരിച്ചു നിൽക്കുന്നത് ഉചിതമാണോ എന്ന് പ്രതിപക്ഷം സ്വയം പരിശോധിക്കണം എന്നും തൊടുപുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ചോദിച്ചു.