ഭിന്നശേഷി കുട്ടികള്‍ക്കുള്ള പാല്‍പേട വിതരണം ഉദ്ഘാടനം ചെയ്തു
സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള പാല്‍പേട വിതരണം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ മില്‍മ എറണാകുളം യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോണ്‍സണ്‍ കെ കെ, മില്‍മ കട്ടപ്പന യൂണിറ്റ് ഹെഡ് ബോബി പി എ എന്നിവര്‍ ചേര്‍ന്ന് ബിആര്‍സി അറക്കുളം ബ്ലോക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സിനി സെബാസ്റ്റ്യന് പാല്‍പേട കൈമാറി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌കില്‍ കമ്മിറ്റിയും കട്ടപ്പന മില്‍മ യൂണിറ്റും സംയുക്തമായാണ് വിതരണം സംഘടിപ്പിക്കുന്നത്. സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള അടിമാലി, അറക്കുളം, കരിമണ്ണൂര്‍, കട്ടപ്പന, മൂന്നാര്‍, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എന്നീ എട്ട് ബിആര്‍സികളിലാണ് ഇവ വിതരണം ചെയുക. വിതരണത്തിന് എത്തിക്കുന്ന പാല്‍പേടയുടെ മുഴുവന്‍ ചെലവും മില്‍മയാണ് വഹിക്കുന്നത്. ജില്ലയിലെ യുവതി യുവാക്കള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമായി നിരവധി പദ്ധതികളാണ് ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റി നടപ്പിലാക്കി വരുന്നത്.
അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ നജ്മുന്നിസ കെ, ജില്ലാ സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍, ജില്ലാ സ്‌കില്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.