പട്ടയഭൂമിയിൽ പട്ടയക്കാരന്റെ സ്വാതന്ത്ര്യവും അവകാശവും ഉപാധിരഹിതമായിരിക്കണമെന്നും പട്ടയം നൽകിയ വർഷം, നൽകിയ മന്ത്രി, ഒപ്പിട്ട തഹസിൽദാർ എന്നിവയുടെ അടിസ്ഥാനത്തിൽ പട്ടയഭൂമിയിലുള്ള ഉടമസ്ഥന്റെ അവകാശങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഗവൺമെന്റ് സമീപനം തികച്ചും നീതിരഹിതമാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
പട്ടയം ലഭിച്ച വർഷവും മന്ത്രിയും തഹസിൽദാരും വ്യത്യസ്തമായതിന്റെ ഉത്തരവാദിത്വം സ്ഥലം ഉടമയുടേതല്ല. 1960ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പട്ടയഭൂമിയിൽ ഉടമസ്ഥർ യാതൊരു അനാശാസ്യ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. മറ്റു വർഷങ്ങളിൽ ലഭിച്ച പട്ടയഭൂമിയിൽ ഉടമസ്ഥർ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് 1960ലെ പട്ടയ ഉടമസ്ഥരും നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. 1960ലെ പട്ടയ ഉടമസ്ഥരുടെ ഭൂമിയിലുള്ള നിർമ്മാണങ്ങൾ മാത്രം ക്രമവൽക്കരിക്കണമെന്നും പുതിയ നിർമ്മാണങ്ങൾക്ക് പ്രത്യേക അനുവാദം വാങ്ങിക്കണം എന്നും പറയുന്നത് കടുത്ത വിവേചനം ആണ്. കോടതി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത് ഗവൺമെന്റ് നിശബ്ദമായിരുന്നതുകൊണ്ടാണ്. ഇടുക്കിയിലെ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും അടിസ്ഥാനത്തിൽ വിവേക പരമായ നിലപാട് ഗവൺമെന്റ് സ്വീകരിക്കണം. ഇടുക്കിയുടെ പ്രത്യേകത മനസ്സിലാക്കിയിട്ടില്ലാത്ത ഉദ്യോഗസ്ഥരെയും പ്രകൃതി സ്നേഹികളെയും ഒത്താശക്കാരെയും ഒഴിവാക്കി നിർത്തണം. ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്ന 13 പഞ്ചായത്തുകളിലെ നിരോധനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും ബില്ലിൽ പ്രതിപാദിച്ചിട്ടില്ല. ഗവൺമെന്റ് നൽകിയിട്ടുള്ള എല്ലാ പട്ടയങ്ങളുടെയും നിയമസാധ്യത ഒന്നു തന്നെയാണെന്നും എല്ലാ പട്ടയങ്ങളും നിരുപാധികവും വിവേചനരഹിതമാണെന്നും പ്രഖ്യാപിക്കുവാൻ ഗവൺമെന്റ് തയ്യാറാകണം. 1960 ലെ പട്ടയഭൂമിയിലെ ക്രമവൽക്കരണ നടപടിയിലൂടെ അഴിമതിക്കുള്ള വാതായനങ്ങൾ തുറന്ന് ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സാഹചര്യം ഗവൺമെന്റ് സൃഷ്ടിക്കുകയാണ്. 1960 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ചിരിക്കുന്ന പട്ടയക്കാരോട് ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന വിവേചനം അവസാനിപ്പിക്കുവാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്ന് ജില്ലാ ചെയർമാൻ മുന്നറിയിപ്പ് നൽകി.