വിവിധ ആവശ്യമുന്നയിച്ച് എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ മേഖലാതല പ്രകടനവും ധര്‍ണയും നടത്തി
കേരളത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുക, മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, നവ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കുക, വര്‍ഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യമുന്നയിച്ചാണ് ധര്‍ണ. ടൗണ്‍ ഹാള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ കട്ടപ്പന, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പീരുമേട് ഏരിയകളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പോഷക സംഘടനാ പ്രവര്‍ത്തകരും ജാഥയില്‍ പങ്കെടുത്തു.
മിനി സ്റ്റേഡിയത്തില്‍ നടന്ന ധര്‍ണ സംസ്ഥാന കമ്മിറ്റിയംഗം പി ഡി സാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ സി സജീവന്‍, എം ആര്‍ രജനി, എസ് സ്മിത, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി ഷിജു, മുജീബ് റഹ്മാന്‍, കെ വി രവീന്ദ്രനാഥ്, വിബിന്‍ ബാബു, കെ സുരേഷ്‌കുമാര്‍, പി മാടസാമി, രാജീവ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.