ഇടുക്കിക്ക് ‘ആശ്വാസം’ പദ്ധതിയുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍
നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതി ഇടുക്കി ജില്ലയിലേക്കും. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കുന്ന പദ്ധതിയാണ് ആശ്വാസം. ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്.പി ജെ. കുര്യാക്കോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത സക്കറിയ മാര്‍ സേവേറിയോസിനു നല്‍കി നിര്‍വഹിച്ചു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കിടപ്പിലായ രോഗികള്‍ക്ക് ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായ ജീവവായു ആണ് നല്‍കുന്നതെന്നും അത് ഒരു തികഞ്ഞ കാരുണ്യ പ്രവര്‍ത്തനമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയര്‍ വഴി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനകരമാണെന്നും ഡി.വൈ.എസ്.പി. ജെ. കുര്യാക്കോസ് പ്രശംസിച്ചു.
ആശ്വാസം പദ്ധതി കേരളത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് മരോട്ടിപുഴ പറഞ്ഞു. ചടങ്ങില്‍ ഡോ. രാജു ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ബിജു ആന്‍ഡ്രൂസ് എന്നിവരും പങ്കെടുത്തു.