‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ
സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ.
മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ വ്യാപന നയം കൂടി കണക്കിലെടുത്താൽ കേരളം സർവ്വനാശത്തിലേക്കാണ് നീങ്ങുന്നത്. 2016ൽ പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരൻ ആരോപിച്ചു.
കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിലും പുതിയ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മയക്കുമരുന്നും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അല്പകരമായ അവസ്ഥയിൽ സംസ്ഥാനം എത്തിനിൽക്കുമ്പോഴാണ്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇട വരുത്തുന്ന നിലയിൽ പുതിയ മദ്യ ശാലകൾ അനുവദിക്കുന്നത്. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിക്കുന്ന തീരുമാനമാണിത്. മദ്യശാലകൾ കൂടുതൽ അനുവദിക്കുന്നത് ജനവഞ്ചനയാണെന്നും വി.എം സുധീരൻ ആരോപിച്ചു.