പ്രതിപക്ഷ നേതൃസ്ഥാനം: ഒരു തവണ കൂടി അവസരം നൽകണമെന്ന് രമേശ് ചെന്നിത്തല; ഐ ഗ്രൂപ്പിൽ ഭിന്നത
പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഐ ഗ്രൂപ്പിൽ ഭിന്നത. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ഒരു തവണ കൂടി അവസരം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പിലെ 11 എംഎൽഎമാരിൽ 5 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കുണ്ട്.
ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാർജുന ഖാർഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം നടക്കുന്നത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും സംഘടനാ തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം പലരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയാറാകുമ്പോൾ പ്രതിപക്ഷ നേതൃനിരയിലും പുതുമ വേണമെന്ന ചിന്ത ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന. ഗ്രൂപ്പ്, സാമുദായ സമവാക്യങ്ങൾക്കപ്പുറം സംഘടനയെ ചലിപ്പിക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും ഉതകുന്നവിധത്തിൽ കേരളത്തിൽ പൊളിച്ചെഴുത്തിന് കേന്ദ്രനേതൃത്വം തയാറാകുമെന്നും സൂചനകളുണ്ട്.
അതേസമയം, റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് എം മന്ത്രിയാകും. ഡോ.എൻജയരാജ് ചീഫ് വിപ്പ് ആകും. പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി പിണറായി വിജയനും ഇടതുമുന്നണി കൺവീനർക്കും കത്ത് നൽകി.
കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് റോഷി അഗസ്റ്റിൻ. പാർട്ടി ഡെപ്യൂട്ടി ലീഡറാണ് എൻ.ജയരാജ്. കേരള കോൺഗ്രസിൽ നിന്ന് വിജയിച്ച അഞ്ച് അംഗങ്ങളിൽ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് റോഷി അഗസ്റ്റിന് നറുക്ക് വീണിരിക്കുന്നത്. അഞ്ചാം തവണയാണ് റോഷി അഗസ്റ്റിൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻജയരാജ് നാലാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.