ഇന്ന് ഹിരോഷിമ ദിനം; ആ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയില്‍ ലോകം


നാല് ലക്ഷത്തോളം ആളുകൾ അധിവസിച്ചിരുന്ന ഒരു പട്ടണം നിമിഷനേരം കൊണ്ട് ചാരമായ ആ ദുരന്ത ദിനം സമാധാനത്തിന്റെ സന്ദേശം ഓർമിപ്പിക്കുന്നു. ആറ്റം ബോംബിന്റെ സൃഷ്ടാവായ ഓപ്പൺഹൈമറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ഈ വർഷത്തെ ഹിരോഷിമ ദിനമെന്നുള്ളതും പ്രസക്തമാണ്. ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ആദ്യ അണുബോംബ് ഉപയോഗത്തിന് 77 വയസ്സ് ഇന്ന് തികഞ്ഞിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു അറുതി വരുത്താനെന്ന പേരിൽ ഒറ്റ ദിവസം കൊണ്ട് നടന്ന ആ നരനായാട്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു ജനതയെ വേട്ടയാടുന്നു. അമേരിക്കൻ സൈനിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചതിന് പ്രതികരമായിട്ടായിരുന്നു ഇത്. അമേരിക്കൻ പ്രസിഡന്റ് പദം ഏറ്റെടുത്ത വര്ഷം തന്നെ ജപ്പാനുമേൽ അണുബോംബ് വർഷിച്ച തീരുമാനമെടുത്ത ഹാരി എസ ട്രൂമാന് പക്ഷെ അതിന്റെ പ്രത്യാഘാതങ്ങൾ കണക്കാക്കാനായില്ല.
1945 ഓഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന് പേരുള്ള യുറേനിയം – 235 ബോംബ് ജപ്പാന്റെ സൈനിക താവളവും ജനസാന്ദ്രതയേറിയതുമായ പട്ടണമവുമായ ഹിരോഷിമയിൽ വാർഷിക്കപ്പെട്ടു. “4400 കിലോഗ്രാം ഭാരവും മൂന്നു മീറ്റര്‍ നീളവുമുണ്ടായിരുന്നു ആ ‘ഇത്തിരിക്കുന്ഞ്ഞന്”. ശാന്തമായ പുലരിയെ പുൽകിയിരുന്ന ജനതയ്ക്ക് മുകളിൽ 1850 അടി ഉയരത്തിൽ നിന്നും വർഷിക്കപ്പെട്ട ആ മരകായുധം ഞൊടിയിടയിൽ അപഹരിച്ചത് 70000 – ത്തോളം മനുഷ്യ ജീവനുകളായിരുന്നു.
പാതി വെന്ത ശരീരത്തിൽ ഒട്ടിച്ചേർന്നു കിടന്ന കത്തിക്കരിഞ്ഞ വസ്ത്രത്തോടെ പ്രാണഭയത്താൽ ഓടുന്ന ജീവനുകൾ കണ്ണീരോർമകളായി. അണുബോംബിന്റെ ഇരകളായ ഹിബാകുഷയെന്ന മറ്റൊരു മനുഷ്യവർഗം അന്നവിടെ ജനിച്ചു. മൂന്നു ദിവസത്തിന് ശേഷം മറ്റൊരു ജാപ്പനീസ് പട്ടണമായ നാഗസാക്കിയിലും അണുബോംബ് വാർഷിക്കപ്പെട്ടു.
അടുത്ത നാല് മാസത്തിനുള്ളിൽ പിന്നെയും എഴുപത്തിനായിരത്തിലധികം മരണങ്ങൾ ഹിരോഷിമയിൽ മാത്രം ഉണ്ടായി. അവസാനിക്കാത്ത ആണവ വികിരണങ്ങൾ മണ്ണും ജലവും മലീമസമാക്കി. പിന്നീട് ജനിച്ച തലമുറകളെയും ആറ്റംബോംബിന്റെ പ്രത്യാഘാതങ്ങൾ വിടാതെ പിന്തുടർന്നു. ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനക്കൊപ്പം അണ്വായുധങ്ങളും യുദ്ധങ്ങളുമില്ലാത്ത പ്രത്യാശയുടെ കിരണമായാണ് ഹിരോഷിമയെ ഇന്ന് ലോകം കാണുന്നത്.
യുദ്ധാനന്തരം ഉയിർത്തെഴുന്നേൽക്കാൻ ലോകത്തിനു പ്രചോദനം നൽകിയ ഹിരോഷിമയും ജപ്പാനും നൽകുന്ന സന്ദേശം യുദ്ധമെപ്പോഴും വേദനയും നഷ്ടങ്ങളും മാത്രമേ അവശേഷിപ്പിക്കുന്നുവെന്ന് ഓർമിപ്പിക്കുന്നു.